
പുരപ്പുറ സോളാർ പദ്ധതി സൗരതേജസ് എന്ന പുതിയ പേരിട്ട് കെ.എസ്.ഇ.ബി വീണ്ടും അവതരിപ്പിക്കുകയാണ്. അനർട്ടിന്റെ സഹകരണത്തോടെയാണിത്. ഈ പദ്ധതി നല്ലരീതിയിൽ നടത്തിയാൽ ഷോക്കടിപ്പിക്കുന്ന വലിയ ബിൽ എന്ന പേരുദോഷത്തിൽ നിന്ന് ഒരു പരിധിവരെ ഇലക്ട്രിസിറ്റി ബോർഡിന് മോചിതമാകാം. വൈദ്യുതിബിൽ ഇപ്പോൾത്തന്നെ സാധാരണക്കാരന് താങ്ങാവുന്നതിലധികമാണ്. ചാർജ് കൂട്ടാനിരിക്കെയാണ് ആശ്വാസമെന്ന നിലയിൽ സോളാർ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. ഏതു പദ്ധതിയും ഉപഭോക്താവിന്റെ കാഴ്ചപ്പാടിൽ രൂപപ്പെടുത്തിയാലേ വിജയിക്കൂ.
വലിയ പരസ്യങ്ങൾ നൽകി കൊട്ടിഘോഷത്തോടെയാണ് സോളാർ പദ്ധതി ആദ്യം കെ.എസ്.ഇ.ബി കൊണ്ടുവന്നത്. അത് വിജയിച്ചില്ലെന്ന് മാത്രമല്ല ഇടയ്ക്കുവച്ച് ഉപഭോക്താക്കൾ മുന്നോട്ട് വരാത്തതിനാൽ നിറുത്തേണ്ടിയും വന്നു. അത് പരാജയപ്പെടാൻ കാരണമുണ്ടായിരുന്നു. കറന്റ് ചാർജിന്റെ അമിതപ്രഹരത്തിൽ നിന്ന് രക്ഷപ്പെടാനാണ് ആളുകൾ സോളാറിലേക്ക് മാറുക. എന്നാൽ കഴിഞ്ഞ തവണ നടപ്പാക്കിയ പദ്ധതിക്ക് പല പോരായ്മകളും ഉണ്ടായിരുന്നു. കേന്ദ്ര സബ്‌സിഡിയൊക്കെ ലഭിക്കുമെങ്കിലും സോളാർ പാനലും മറ്റും സ്ഥാപിക്കാൻ ഉപഭോക്താവ് സ്വകാര്യ കോൺട്രാക്‌ടർമാരെ സമീപിക്കണമായിരുന്നു. ഇതിന് പുറമേ അഞ്ചുവർഷം കഴിയുമ്പോൾ ബാറ്ററി മാറ്റേണ്ടിയും വരുമായിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ സോളാർ സ്ഥാപിച്ചതുകൊണ്ട് വലിയ മെച്ചമൊന്നും ലഭിക്കുമായിരുന്നില്ല. ആദ്യത്തെ പദ്ധതിക്ക് 18,000 ഉപഭോക്താക്കളെ മാത്രമാണ് ആകർഷിക്കാൻ കഴിഞ്ഞത്. 500 - 600 യൂണിറ്റ് കറന്റ് ഉത്‌പാദിപ്പിക്കുന്ന സോളാർ സംവിധാനം സ്ഥാപിക്കുമ്പോൾ 40 ശതമാനം സബ്‌സിഡിയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. എന്നിട്ടും ആളുകൾ സോളാറിനോട് താത്‌പര്യം പ്രകടിപ്പിച്ചില്ല. അത് അനർട്ടിന്റെയും കെ.എസ്.ഇ.ബിയുടെയും കാഴ്ചപ്പാടിൽ മാത്രം ഉൗന്നിയുള്ള പദ്ധതിയായിരുന്നു എന്നതിനാലാണ് വിജയിക്കാതിരുന്നത്. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുരപ്പുറ സോളാർ പദ്ധതി നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഒന്നാമത് ഇതിന്റെ നിർവഹണം അവർ തന്നെ നടത്തും. ഉപഭോക്താവ് അപേക്ഷയും പണവും മാത്രം നൽകിയാൽ മതി. ആദ്യം പറയുന്ന ചെലവിൽ തന്നെ പദ്ധതി പൂർത്തിയാക്കും. കൂടാതെ പുതിയ സംവിധാനത്തിൽ ബാറ്ററി സ്ഥാപിക്കേണ്ട കാര്യമില്ല. പദ്ധതിയെ ഗ്രിഡുമായി കെ.എസ്.ഇ.ബി നേരിട്ട് ബന്ധപ്പെടുത്തിയതിനാലാണിത്. 1500 രൂപ വരെ വൈദ്യുതി ബില്ലുള്ള ഒരു കുടുംബത്തിന് മൂന്ന് കിലോവാട്ടിൽ താഴെയുള്ള സോളാർ പ്ളാന്റ് സ്ഥാപിച്ചാൽ മതി. മാസം 360 യൂണിറ്റ് വൈദ്യുതി ഇതിൽ നിന്ന് ലഭിക്കും. ഇതിനുള്ള പ്ളാന്റ് സ്ഥാപിക്കാൻ മൊത്തം ചെലവ് 1.90 ലക്ഷം രൂപയാണ്. ഇതിൽ സബ്‌സിഡിയായി 57,000 രൂപ ലഭിക്കും. അതായത് ഒന്നരലക്ഷത്തോളം രൂപ മാത്രമേ ഉപഭോക്താവിന് ചെലവ് വരൂ. അധികമുള്ള വൈദ്യുതി യൂണിറ്റിന് 2.94 രൂപ വീതം കെ.എസ്.ഇ.ബി നൽകുകയും ചെയ്യും. കൂടാതെ സോളാർ പ്ളാന്റിന് 25 വർഷം വാറണ്ടിയും നൽകുന്നു. പ്ളാന്റിന് അഞ്ചുവർഷത്തെ സേവന വാറണ്ടിയുമുണ്ട്. അതിനാൽ പുതിയ പുരപ്പുറ സോളാർ പദ്ധതി വിജയിക്കാൻ സാദ്ധ്യതയുണ്ട്. ജനപങ്കാളിത്തത്തോടെ ഈ പദ്ധതി നടപ്പാക്കി ഓരോ വീടും വൈദ്യുതി ഉത്‌പാദന കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യമായി നടക്കുന്നു എന്ന് മന്ത്രിയും ബോർഡിലെയും അനർട്ടിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പാക്കിയാൽ മാത്രം മതി ഈ പദ്ധതി ജനങ്ങൾ സർവാത്‌മനാ സ്വീകരിക്കാൻ.