ukraine

തിരുവനന്തപുരം: ഇനി ഞങ്ങൾക്ക് ഇവിടെ സുരക്ഷിതമായി കഴിയാനാകില്ല. സൈറൺ കേട്ടാലുടൻ ബങ്കറിലേക്ക് പോകാനാണ് സൈന്യം നിർദ്ദേശിച്ചിരിക്കുന്നത്. എത്രനേരം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല. സ്വന്തം നിലയിൽ ബസ് പിടിച്ച് ഹങ്കറിയിലെ അതിർത്തിയിലേക്ക് പോകുന്ന കാര്യം ആലോചിച്ചെങ്കിലും സുരക്ഷിതമല്ലെന്ന് അറിഞ്ഞ് വേണ്ടെന്നുവച്ചു. 820 കിലോമീറ്റർ യാത്രയ്ക്ക് 15 മണിക്കൂർ വേണ്ടിവരും.- പോൾട്ടാവ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ തിരുവനന്തപുരം വലിയതുറ സ്വദേശി ജെന്നിഫറിന്റെ വാക്കുകളിൽ ഭീതി കൂടിവരുകയാണ്.

ജന്നിഫറിനെ കൂടാതെ അമ്പതോളം മലയാളി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. തലസ്ഥാനമായ കീവിൽ നിന്ന് 344 കിലോമീറ്റർ അകലെയാണ് പോൾട്ടാവ. ഫ്ളാറ്റിലാണ് എല്ലാവരും താമസിക്കുന്നത്. 50 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് വെള്ളിയാഴ്‌ച രാത്രി സ്‌ഫോടനം നടന്നു. എപ്പോൾ വേണമെങ്കിലും ഇവിടെയും ആക്രമണം നടക്കാം.

ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെങ്കിലും കൈയിൽ പൈസയില്ല. എ.ടി.എമ്മുകളിൽ കാർഡ് ഉപയോഗിക്കാൻ കഴിയുന്നില്ല.

അതിർത്തിയിലേക്ക് തിരച്ചു

ആക്രമണം കണ്ടു മടങ്ങി

കീവിലെ കാര്യങ്ങൾ മാത്രമാണ് മാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്നതെന്നും തങ്ങളെപ്പോലെ നിരവധി മലയാളികൾ പലയിടത്തായി കുടുങ്ങിയിരിക്കുകയാണെന്നും കോഴിക്കോട് സ്വദേശി മിന്നു പറഞ്ഞു. എംബസിയിലും മറ്റും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. എല്ലാം പായ്‌ക്ക് ചെയ്ത് കാത്തിരിക്കുകയാണ്. ബസും തയ്യാർ. ചിലർ കാറിൽ ഹംഗറി അതിർത്തിയിലേക്ക് പോയെങ്കിലും ആക്രമണത്തെ തുടർന്ന് മടങ്ങി. 800 കിലോമീറ്റർ അകലെയുള്ള ടെർണോപിൽ നഗരം സുരക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം അവിടെയും ആക്രമണമുണ്ടായി.

കോളേജിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഇല്ല. നിൽക്കണമെന്നുള്ളവർക്ക് നിൽക്കാം അല്ലാത്തവർക്ക് പോകാം എന്നതാണ് കോളേജിന്റെ നിലപാട്.