
നെടുമങ്ങാട്: ടൂറിസം വകുപ്പ് നിർമ്മിക്കുന്ന മോട്ടൽ ആരാമിന്റെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. നെടുമങ്ങാട് നഗരസഭയിൽ ഉൾപ്പെട്ട പത്താംകല്ല് വി.ഐ.പിയിലെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് മോട്ടൽ ആരാം. പത്തുകോടി അറുപത്തിയൊന്ന് ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
റസ്റ്റോറന്റ്,ഡോർമെറ്ററി,പ്ലേ ഗ്രൗണ്ട്, പാർക്കിംഗ് തുടങ്ങിയവയോടെ നിർമ്മിക്കുന്ന പ്രോജക്ട് നെടുമങ്ങാട് നഗരത്തിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാകും.പൊന്മുടി,തെന്മല,കല്ലാർ,ബോണക്കാട് തുടങ്ങിയ ടൂറിസ്റ്റ് മേഖലയിലേക്ക് പോകുന്ന സഞ്ചാരികൾക്കാണ് പദ്ധതി കൂടുതൽ പ്രയോജനപ്പെടുക.ഇടയ്ക്ക് മുടങ്ങിപ്പോയ പദ്ധതി മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് പുനരാരംഭിക്കുകയായിരുന്നു. എട്ടുമാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും.നെടുമങ്ങാട് നഗരസഭാ ചെയർ പേഴ്സൺ സി.എസ്. ശ്രീജ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഹുസൈൻ,റീജിയണൽ എൻജി നിയർ സീനാ വഹാബ്, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സി പി ഐ (എം) ഏരിയാ സെക്രട്ടറി ആർ ജയദേവൻ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.