പാലോട്: പാലോട് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിലെ മെക്കാനിക്ക് തസ്തികയിലെ മുഴുവൻ ജീവനക്കാരേയും നെടുമങ്ങാട് യൂണിറ്റിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.കെ. മുരളി എം.എൽ.എ വകുപ്പ് മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തി നിവേദനം നൽകി. എന്നാൽ കെ.എസ്.ആർ.ടി.സി യുടെ നില മെച്ചപ്പെടുത്തുന്നതിനായി ജില്ലാ തലങ്ങളിൽ പുതുതായി രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക്ട് കോമൺ വർക്‌ഷോപ്പുകളിലേക്ക് ജീവനക്കാരെ പുനഃക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും നടക്കുന്ന പുനഃക്രമീകരണങ്ങളുടെ ഭാഗമായിട്ടാണിതെന്നും ഇതിന്റെ പേരിൽ ഒരു സർവീസും വെട്ടിക്കുറയ്ക്കുന്നില്ലെന്നും എല്ലാ ഡിപ്പോകളും അതുപോലെ നിലനിറുത്തുന്നതാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ, മുഴുവൻ മെക്കാനിക്കുകളെയും മാറ്റിയാൽ സർവീസുകൾ തടസ്സപ്പെടാൻ സാദ്ധ്യതയുണ്ടെന്നും പൂർണമായും മാറ്റുന്ന നടപടി പുനഃപരിശോധിക്കണമെന്നും മുരളി ആവശ്യപ്പെട്ടു. സർവ്വീസുകൾ തടസം വന്നാൽ പെട്ടെന്നുതന്നെ പരിഹരിക്കാൻ 4 മെക്കാനിക്കുകളെ താൽക്കാലികമായി, നിലനിറുത്തുമെന്ന് മന്ത്രി പറഞ്ഞു.