kk

യുദ്ധം പൂർണതോതിലായതോടെ യുക്രെയിനിലുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. സംഘർഷബാധിത നഗരങ്ങളിൽ നിന്ന് ഇന്ത്യക്കാരെ അതിർത്തിക്കപ്പുറമെത്തിച്ച് അവിടത്തെ രാജ്യങ്ങളുടെ സഹായത്തോടെ വിമാനത്താവളത്തിലെത്തിക്കാനാണ് ശ്രമം. യുക്രെയിനിലെ ഇന്ത്യൻ എംബസിയുടെ നിർദ്ദേശപ്രകാരമല്ലാതുള്ള ഏതു യാത്രയും അപകടകരമായതിനാൽ സാഹസത്തിനൊന്നും മുതിരരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പു നൽകുന്നുണ്ട്. തത്‌കാലം റൊമേനിയ, ഹംഗറി, പോളണ്ട്, സ്‌‌ളോവാക്യ എന്നീ രാജ്യങ്ങൾ വഴിയുള്ള ഒഴിപ്പിക്കലാണ് ഉദ്ദേശിക്കുന്നത്. റൊമേനിയ വഴി യാത്രചെയ്‌ത ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിലെത്തിയത് ഏറെ ആശ്വാസം പകർന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ അനവധി പേർ റൊമേനിയൻ അതിർത്തിയിൽ ഉൗഴം കാത്ത് അക്ഷമരായി കഴിയുന്നു. സ്വന്തം നിലയ്ക്ക് വാഹനങ്ങൾ തരപ്പെടുത്തി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിന് കർശന വിലക്കുണ്ടെങ്കിലും ജീവൻ രക്ഷിക്കാനുള്ള തിടുക്കത്തിൽ എന്തും വരട്ടെയെന്നു കരുതി യാത്രയ്ക്കു തയ്യാറാകുന്നവരും കുറവല്ലെന്നാണു റിപ്പോർട്ടുകൾ. യുക്രെയിൻ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവേ ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷിത കേന്ദ്രങ്ങളിലും മൂന്നുദിവസമായി ആശങ്കയും കടുത്ത ഭീതിയുമായി കഴിയുന്ന വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരുടെ വേവലാതി മനസിലാക്കാവുന്നതേയുള്ളൂ. കേന്ദ്രസർക്കാർ ഇതിനകം സ്വീകരിച്ച ക്രിയാത്മക സമീപനം ഒഴിപ്പിക്കൽ കൂടുതൽ അർത്ഥപൂർണമാക്കാൻ സഹായകം തന്നെയാണ്. ശ്രമങ്ങൾക്ക് സർവാത്മനാ പിന്തുണ നൽകുകയാണ് ജനങ്ങളുടെ കടമ. ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ സർക്കാർ യത്നങ്ങളെ ഇകഴ്‌ത്താനും താറടിക്കാനുമല്ല ശ്രമിക്കേണ്ടത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സമയവും ഇതല്ലെന്നോർക്കണം. ഒഴിപ്പിക്കലിനായി വ്യോമസേനാ വിമാനങ്ങളുൾപ്പെടെ ഇന്ത്യ സജ്ജമാക്കി നിറുത്തിയിട്ടുണ്ട്. ഗൾഫ് യുദ്ധകാലത്തും കുവൈറ്റ് ആക്രമണ കാലത്തും ഏറ്റവുമൊടുവിൽ കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടങ്ങളിലും അതിസമർത്ഥമായി ഒഴിപ്പിക്കൽ പ്രക്രിയ ഭംഗിയാക്കിയതിന്റെ അനുഭവജ്ഞാനം വേണ്ടുവോളം നമുക്കുണ്ട്.

ഒഴിപ്പിക്കലിന്റെ പൂർണചെലവും കേന്ദ്രം വഹിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും സംസ്ഥാന സർക്കാരുകൾക്കും ആയിനത്തിൽ ബാദ്ധ്യത വരില്ല. ഒഴിപ്പിക്കൽ ദൗത്യം വിജയകരമാക്കാൻ വിദേശകാര്യസഹമന്ത്രിയും മലയാളിയുമായ വി. മുരളീധരൻ കൈക്കൊണ്ട നടപടികളും ശ്ളാഘനീയമാണ്. യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ നല്ലൊരു ഭാഗം മലയാളി വിദ്യാർത്ഥികളാണെന്നത് സ്വാഭാവികമായും കേരളത്തിന് ആശങ്ക സൃഷ്ടിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി അതിർത്തി കടത്തി അയൽരാജ്യങ്ങളിലെത്തിക്കുക എന്നത് ഏറെ അപകടം പിടിച്ച ദൗത്യമാണ്. അതുകൊണ്ടാണ് വഴികൾ സുരക്ഷിതമാണെന്ന് പൂർണമായും ഉറപ്പാക്കിയിട്ടേ യാത്രാനുമതി നൽകൂ എന്ന് എംബസി അധികൃതർ ശാഠ്യംപിടിക്കുന്നത്. ഇതിനെ ആരും തെറ്റായി കാണരുത്. കുടുങ്ങിക്കിടക്കുന്നവർക്ക് അത്യാവശ്യം വേണ്ട ഭക്ഷണവും വെള്ളവുമൊക്കെ മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതരുടെ ഇടപെടൽ കൂടിയേ കഴിയൂ. ഒഴിപ്പിക്കൽ വേഗത്തിലാക്കാനുള്ള തീവ്രശ്രമങ്ങളാണു നടക്കുന്നത്. വാർത്താവിനിമയ ബന്ധങ്ങൾക്ക് ഇതുവരെ തടസമൊന്നും ഉണ്ടായിട്ടില്ലെന്നത് ഏറ്റവും വലിയ ഭാഗ്യമായി കരുതണം. കുടുംബങ്ങളുമായി കൂടക്കൂടെ ബന്ധപ്പെടാൻ കഴിയുന്നത് ഈ പരീക്ഷണനാളുകളിൽ വലിയ അനുഗ്രഹം തന്നെയാണ്.

ഒഴിപ്പിച്ചു കൊണ്ടുവരുന്നവരെ ഡൽഹിയിലും മുംബയിലുമാണ് ഇറക്കുന്നത്. ഏറെ പരിക്ഷീണിതരായി എത്തുന്ന അവർക്ക് സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള സൗകര്യം കൂടി ചെയ്തുകൊടുക്കാൻ കേന്ദ്രം കനിവ് കാട്ടണം.