cpm

തിരുവനന്തപുരം: ചൊവ്വാഴ്ച എറണാകുളത്ത് തുടങ്ങുന്ന പാർട്ടി സംസ്ഥാന സമ്മേളനം സി.പി.എമ്മിന്റെ സംസ്ഥാനതല സമിതികളിലേക്ക് പുതിയ നേതൃനിര കടന്നുവരാനുള്ള വേദിയായി മാറും.

75 വയസ് പ്രായപരിധി കർശനമാക്കുമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി നേരത്തേതന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ, സംസ്ഥാനകമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും വലിയ മാറ്റം വന്നേക്കും. പ്രവർത്തനരംഗത്ത് സജീവമായ ചിലർക്ക് ഇളവ് നൽകിയേക്കും. അതേസമയംതന്നെ, പ്രായം 40 കടക്കാത്ത രണ്ടുപേരെയെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി യുവപ്രാതിനിധ്യം ഉറപ്പാക്കും.

പുതിയ ഓരോ ജില്ലാ കമ്മിറ്റിയിലും 10 മുതൽ 15വരെ നേതാക്കളെ ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റിലും ആനുപാതിക മാറ്റമുണ്ടായി. സംസ്ഥാന നേതൃസമിതികളിലും അത് ആവർത്തിക്കാനാണ് സാദ്ധ്യത.

പ്രായപരിധിയിൽ തട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പി.കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ.ജെ.തോമസ്, എം.എം. മണി എന്നിവർ ഒഴിവാകും.

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഈ നാലുപേർക്ക് പുറമേ,

വൈക്കം വിശ്വൻ, കെ.പി.സഹദേവൻ, പി.പി.വാസുദേവൻ, കോലിയക്കോട് കൃഷ്ണൻനായർ, സി.പി. നാരായണൻ, ജി. സുധാകരൻ, എം. ചന്ദ്രൻ, കെ.വി. രാമകൃഷ്ണൻ എന്നിവരും ഇതേ കാരണത്താൽ ഒഴിവാകും. അനാരോഗ്യമടക്കമുള്ള മറ്റ് കാരണങ്ങളാലും ചിലരെ മാറ്റിയേക്കും. കുറഞ്ഞത് ഒരു ഡസൻ പേരെങ്കിലും മാറും. അത് 15പേർവരെയാകാം. ഇത്രയും സ്ഥാനത്തേക്ക് പുതുനിര കടന്നുവരുന്നത് സി.പി.എമ്മിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമാണ്.

പ്രായാധിക്യത്താൽ പരിപൂർണ വിശ്രമത്തിലായ വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ആദ്യ സംസ്ഥാന സമ്മേളനം എന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ് വി.എസ്.അദ്ദേഹത്തിനു പുറമേ സംസ്ഥാനകമ്മിറ്റിയിൽ പാലോളി മുഹമ്മദ് കുട്ടി, പി.കെ. ഗുരുദാസൻ, എം.എം.ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ്, എം.എം. വറുഗീസ്, പ്രൊഫ.സി. രവീന്ദ്രനാഥ്, പ്രൊഫ.കെ.എൻ. ഗണേശ് എന്നിവരും ക്ഷണിതാക്കളാണ്. വി.എസും പാലോളിയും ഗുരുദാസനും ലോറൻസും രവീന്ദ്രനാഥും ഒഴിവാക്കപ്പെടാം.