തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ബി.ജെ.പി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ യൂത്ത് ഓൺ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ഒരു സംസ്ഥാനത്തുമില്ലാത്ത തരത്തിലുള്ള പേഴ്സണൽ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളത്. രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള മുഖ്യമന്ത്രിയെ വിമർശിച്ചപ്പോൾ ആദ്യം പ്രതിരോധിച്ചത് പ്രതിപക്ഷനേതാവാണ്. ഗവർണർ സർക്കാരിന്റെ നയങ്ങൾ ചോദ്യം ചെയ്‌തപ്പോൾ വി.ഡി. സതീശൻ ഗവർണർക്കെതിരെ അധിക്ഷേപം ചൊരിഞ്ഞെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ കുളങ്ങരക്കോണം കിരൺ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എൽ. അജേഷ്, സംസ്ഥാന സെക്രട്ടറിമാരായ മനുപ്രസാദ്, ആശാനാഥ്, സംസ്ഥാന സമിതി അംഗം വീണ, ജില്ലാ ജനറൽ സെക്രട്ടറി നന്ദു പാപ്പനംകോട്, അഭിജിത്ത്, കവിത സുഭാഷ്, അജി പൂവച്ചൽ, ശ്രീജിത്ത്‌, രാമേശ്വരം ഹരി, രാഹുൽ, മാണിനാട് സജി, ചൂണ്ടിക്കൽ ഹരി എന്നിവർ പങ്കെടുത്തു.