
തിരുവനന്തപുരം:മലപ്പുറത്ത് ക്രൂരമാനഭംഗത്തിനിരയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ബി.ജെ.പി ഏറ്റെടുക്കുമെന്ന് കെ.സുരേന്ദ്രൻ. കേരളത്തെ നടുക്കിയ സംഭവമായിട്ടും ഒരു എം.എൽ.എ പോലും പ്രതികരിച്ചില്ല. മതതീവ്രവാദ സംഘടനയിൽപ്പെട്ടയാൾ വീട്ടിൽ അതിക്രമിച്ച് കടന്ന് തളർന്ന് കിടക്കുന്ന അമ്മയുടെ മുമ്പിൽ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ഒരു പ്രതിഷേധവും നടക്കുന്നില്ല. യു.പിയിലോ ഗുജറാത്തിലോ കർണാടകത്തിലോ എന്തെങ്കിലും നടന്നാൽ മാത്രം പ്രതികരിക്കുന്ന വടക്കുനോക്കി യന്ത്രങ്ങളാണ് കേരളത്തിലെ സാംസ്കാരിക നായകൻമാർ.
തലസ്ഥാനത്ത് ഭരണസിരാ കേന്ദ്രത്തിന് തൊട്ടടുത്ത് അതിക്രൂരമായ കൊലപാതകം പട്ടാപകൽ നടന്നു. തിരുവനന്തപുരത്ത് 10 ദിവസം കൊണ്ട് നിരവധി ഗുണ്ടാ അക്രമങ്ങൾ നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കുമെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് കേരളത്തിലാണ്. ആഭ്യന്തരവകുപ്പ് സ്ഥാനം മുഖ്യമന്ത്രി ഒഴിയണം. സംസ്ഥാനത്ത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ കെ.എഫ്.സി കുത്തകകൾക്ക് മറിച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്.
എം.എം മണിയും സഹോദരൻ ലംബോധരനും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും നൈജീരിയയിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നും പറഞ്ഞിട്ടും മണി പ്രതികരിക്കാത്തത് മടിയിൽ കനമുള്ളതു കൊണ്ടാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.