p

തിരുവനന്തപുരം : സംസ്ഥാനത്ത് 24,614 ബൂത്തുകളിലൂടെ ഇന്ന് അഞ്ച് വയസിന് താഴെയുള്ള 24,36,298 കുട്ടികൾക്ക്

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയാണ് മരുന്നു വിതരണം. ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ പ്രവർത്തിക്കും.

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. ജില്ലാതലത്തിലും ഉദ്ഘാടനം നടക്കും. ബൂത്തുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുമെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് ബാധിച്ച കുട്ടികൾക്ക് 28 ദിവസത്തിന് ശേഷം തുള്ളിമരുന്ന് നൽകിയാൽ മതി.

ബൂത്തുകളിൽ തിരക്ക് ഒഴിവാക്കാനായി ആരോഗ്യപ്രവർത്തകരെ നേരത്തേ ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോകാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.