p

വക്കം:വക്കം പഞ്ചായത്തിൽ നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടക ഇല്ലാതെ പ്രവർത്തിക്കുന്ന 93ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട മെമ്പർ പഞ്ചായത്തിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും സർക്കാർ വക കെട്ടിടമല്ലെന്ന ന്യായം പറഞ്ഞ് സഹായം നിരസിച്ചു. തുടർന്ന് അംഗൻവാടി മാനേജ്മെന്റ് കമ്മിറ്റിയും നാട്ടുകാരും ജീവനക്കാരും മെമ്പറുടെ നേതൃത്വത്തിൽ കെട്ടിടം പുനരുദ്ധരിച്ച് ഉദ്ഘാടനം നടത്തി. ഇതിൽ പ്രകോപിതനായ ഒരു കോൺഗ്രസ്‌ നേതാവ് പഞ്ചായത്തിൽ പരാതി നൽകുകയും മെമ്പറുടെ വിശദീകരണം പോലും ആരായാതെ ഇന്നുനടന്ന പഞ്ചായത്തുകമ്മിറ്റിയിൽ അജണ്ടയിലുൾപ്പെടുത്തി ചർച്ച ചെയ്തതിൽ പ്രതിക്ഷേധിച്ച് വാർഡ്‌മെമ്പർ നിഷാമോനിയുടെ നേതൃത്വത്തിൽ വക്കം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണയിൽ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റുമാരായ അജിത് പ്രസാദ്, വക്കം സജി, മണ്ഡലം സെക്രട്ടറി സരിത, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ്‌ ബാലീന, ജനറൽ സെക്രട്ടറി തങ്കരാജ്, മറ്റ് മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു. ഇതൊരു സൂചന സമരം മാത്രമാണെന്നും ഇത്തരം നടപടികൾ തുടർന്നാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ്‌ ബാലീന അറിയിച്ചു.