തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ ശക്തമാക്കിയെന്ന് പൊലീസ് അവകാശപ്പെടുമ്പോൾ കൊലയാളിയും കൊടുംക്രിമിനലുമായ അജീഷ് കാപ്പ നടപടികളിൽ നിന്ന് തലയൂരിയത് കഴിഞ്ഞയാഴ്ച. റൂറൽ എസ്.പി കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കാനായി ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപേക്ഷ ഇക്കഴിഞ്ഞ 12നാണ് നിരസിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവുണ്ടായത്. കൈക്കൊള്ളേണ്ട നടപടികളിൽ പൊലീസിനുണ്ടായ വീഴ്ചയാണ് അപേക്ഷ നിരസിക്കാൻ കാരണമെന്നാണ് സൂചന.
അജീഷിനെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടിക്കുള്ള ശുപാർശ കളക്ടർ നിരസിച്ചതായി പൊലീസ് സമ്മതിച്ചെങ്കിലും കാരണമെന്തെന്ന് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. ഫയലുകൾ പരിശോധിക്കുകയാണെന്നാണ് റൂറൽ പൊലീസ് അറിയിച്ചത്. കഴിഞ്ഞദിവസം നഗരത്തിൽ നടന്ന കൊലപാതകമുൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ് അജീഷ്. നാലിലധികം കൊലപാതകശ്രമങ്ങൾ, അടിപിടി, കഞ്ചാവ് കേസ് എന്നിവ ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയും സ്ഥിരം പ്രശ്‌നക്കാരനുമായ അജീഷിനെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കണമെന്നായിരുന്നു റൂറൽ പൊലീസിന്റെ ശുപാർശ.
40ൽപ്പരം കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജിയെ ബൈക്കിന്റെ സൈലൻസർ ഊരി തലയ്ക്കടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ് അജീഷ് ക്രിമിനലായി മാറിയത്. ലഹരിക്കടത്ത് സംഘങ്ങളുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിൻകര സ്റ്റേഷനുകളിലാണ് അജീഷിനെതിരെ കേസുകളുള്ളത്. അജീഷ് കാപ്പനടപടികളിൽ നിന്ന് രക്ഷപ്പെടാനിടയായ സംഭവത്തിൽ ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.