
തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ ക്രിമിനൽ
അജീഷിന്റെ മൊഴിയിൽ പൊലീസിന് സംശയം. ഓവർബ്രിഡ്ജിനടുത്ത് സിറ്റി ടവർ ഹോട്ടലിൽ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി മാസങ്ങൾക്ക് മുമ്പ് ഭാര്യയ്ക്കൊപ്പം റൂമെടുക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് അരുംകൊലയ്ക്ക് കാരണമെന്ന മൊഴി അവിശ്വസനീയമായാണ് പൊലീസ് കരുതുന്നത്. ക്രൂര കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്.
ലഹരി ഇടപാടിനും പെൺവാണിഭത്തിനും അയ്യപ്പൻ തടസ്സമാകുകയോ ഒറ്റുമെന്ന സംശയമോ കൊലയ്ക്ക് പ്രേരണയായിട്ടുണ്ടാകാമെന്ന സംശയം പൊലീസിനുണ്ട്. വെട്ടുകത്തിയുമായി ഹോട്ടലിലേക്കുളള പാഞ്ഞുവരവും കൊലപാതക ദൃശ്യങ്ങളിലെ ക്രൂരതയുമാണ് മൊഴിയിൽ വിശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സി.സി ടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചാലേ അത്തരം കാര്യങ്ങളിൽ വ്യക്തത വരൂ.
വൈരാഗ്യമുണ്ടാക്കിയെന്ന് പറയുന്ന പഴയ സംഭവത്തിന് ശേഷം അജീഷ് പലതവണ ഹോട്ടലിൽ വന്നുപോയിട്ടുണ്ട്. എന്നാൽ, പത്ത് ദിവസം മുമ്പ് വന്നപ്പോൾ വാക്കുതർക്കമുണ്ടായതിന് പിന്നിൽ മറ്റെന്തൊക്കെയോ കാരണങ്ങളുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു.
നഗരത്തിലെ ലഹരി-പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയാണ് അജീഷും ഭാര്യയും. ഇക്കഴിഞ്ഞ സെപ്തംബറിൽ ഭാര്യയുമൊത്ത് റൂമെടുക്കാനെത്തിയ അജീഷിന്റെ പക്കൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കാണപ്പെട്ടത് റിസപ്ഷനിസ്റ്റായ അയ്യപ്പൻ ചോദ്യം ചെയ്തിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അജീഷിന്റെ ഫോൺകാൾ വിശദാംശങ്ങളും മറ്റ് വിവരങ്ങളും ശേഖരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
കൊലപാതകത്തിന് പ്രേരകമായ കാരണങ്ങളിൽ സംശയമുണ്ടെങ്കിലും കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാൾ കൃത്യം നടത്തിയതെന്ന് വ്യക്തമാണ്. മരം മുറിക്കാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചത്. തടുക്കാൻ ശ്രമിച്ച അയ്യപ്പനെ തലങ്ങും വിലങ്ങും വെട്ടിയശേഷം മരക്കൊമ്പ് മുറിക്കും പോലെ കഴുത്തിൽ മുന്നിലും പിന്നിലും വെട്ടി മരണം ഉറപ്പാക്കിയശേഷമാണ് മടങ്ങിയത്. അതിരാവിലെ എം.ജി റോഡിൽ തിരക്കുണ്ടാവില്ലെന്നും ആ സമയം അയ്യപ്പൻ ഹോട്ടലിൽ തനിച്ചായിരിക്കുമെന്നും അറിഞ്ഞുകൊണ്ടായിരുന്നു നീക്കം.
കൊല നടത്താൻ നെടുമങ്ങാട്ടു നിന്നാണ് അജീഷ് ഓവർബ്രിഡ്ജിലെ ഹോട്ടലിലെത്തിയതെന്ന് പനവിള ജംഗ്ഷനിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് സ്ഥിരീകരിച്ചു. തമ്പാനൂർ വഴി ഓവർബ്രിഡ്ജ് ജംഗ്ഷനിലെത്തിയ ശേഷം, വൺവേ തെറ്റിച്ചാണ് വലതുവശത്തെ ഹോട്ടലിന് മുന്നിലെത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം അജീഷിനെ കോടതിയിൽ ഹാജരാക്കി. അടുത്തമാസം 11വരെ റിമാൻഡ് ചെയ്ത് കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം അയ്യപ്പന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.