vs-achuthanandan

തിരുവനന്തപുരം: സി.പി.എം രൂപീകരിച്ചവരിൽ ജീവിച്ചിരിപ്പുള്ള മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യ സംസ്ഥാനസമ്മേളനം എന്ന പ്രത്യേകതയുമായാണ് എറണാകുളത്ത് നാളെ പാർട്ടി സമ്മേളനത്തിന് കൊടിയേറുന്നത്.

1958- ൽ പഞ്ചാബിലെ അമൃത്‌സറിൽ നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഞ്ചാം കോൺഗ്രസിൽ ആദ്യമായി പാർട്ടി ദേശീയ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട വി.എസ് ഉൾപ്പെടെയുള്ള 32 പേരാണ് പിന്നീട് പാർട്ടിക്കുള്ളിലെ തിരുത്തൽവാദികളായി,​ 1964-ൽ പാർട്ടി ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപീകരിക്കുന്നത്. ഇ.എം.എസ്, പി. സുന്ദരയ്യ, ബസവപുന്നയ്യ, എ.കെ.ജി, സി.എച്ച്. കണാരൻ, ഇ.കെ. ഇമ്പിച്ചിബാവ, ജ്യോതിബസു, ഇ.കെ. നായനാർ തുടങ്ങിയവരും അതിലുൾപ്പെടുന്നു.

അന്നു തൊട്ടിങ്ങോട്ട് പാർട്ടിയുടെ കേരളത്തിലെ കേന്ദ്രസ്ഥാനത്തു നിലകൊണ്ട നേതാവാണ് വി.എസ്. 2005- ലെ മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ പുതിയ ശാക്തികചേരി ഉദയം ചെയ്യുന്നതിന് മുമ്പുവരെ സംസ്ഥാന പാർട്ടിയിലെ ഏറ്റവും വലിയ ശക്തികേന്ദ്രവും വി.എസായിരുന്നു. വി.എസിനെ കേന്ദ്രീകരിച്ചാണ് കേരള പാർട്ടിയിലെ അധികാര സമവാക്യങ്ങൾ രൂപപ്പെട്ടത്.

1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് അട്ടിമറി തോൽവി നേരിട്ട വി.എസിന്റെ നേതൃത്വത്തിൽ പിന്നീട് 98-ലെ പാലക്കാട് സമ്മേളനത്തിൽ സി.ഐ.ടി.യു വിഭാഗം വെട്ടിനിരത്തപ്പെട്ടതും ചരിത്രം. അന്ന് വി.എസ് ചേരിയിലെ പ്രമുഖരിൽ പിണറായി വിജയൻ അടക്കമുള്ളവരുണ്ടായിരുന്നു. 98-ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തിനു ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പിണറായി ഉയർത്തപ്പെട്ടതും വി.എസിന്റെ കൂടി ആശീർവാദത്തോടെയായിരുന്നു. നാലാംലോക വിവാദത്തെ തുടർന്ന് ഉടലെടുത്ത പ്രത്യയശാസ്ത്ര പ്രതിസന്ധി മൂർച്ഛിച്ച്, പാർട്ടിക്കുള്ളിൽ പാരമ്പര്യവാദികളും പരിഷ്കരണവാദികളുമെന്ന പുതിയ ദ്വന്ദ്വം രൂപപ്പെട്ടതോടെ വി.എസ്- പിണറായി പോര് എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി.

2005- ലെ മലപ്പുറം സമ്മേളനത്തിലാണ്, അതുവരെ പല ജില്ലകളിലും സ്വാധീനശക്തിയായി നിലകൊണ്ട വി.എസ് ചേരിയുടെ വീഴ്ച ആരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് പിണറായിയെ കേന്ദ്രീകരിച്ചാണ് പാർട്ടിയിലെ ശാക്തിക സമവാക്യങ്ങൾ ചലിക്കുന്നത്. 2015-ലെ ആലപ്പുഴ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനങ്ങൾ രൂക്ഷമായതോടെ വി.എസ് സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയതും ചരിത്രം. പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുനയ നീക്കങ്ങൾ ഫലിച്ചപ്പോൾ, കഴിഞ്ഞ തൃശൂർ സമ്മേളനത്തോടെ വി.എസ് സജീവസാന്നിദ്ധ്യമായി നിലകൊണ്ടു.