
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി ഹരിത കേരള മിഷൻ. ശുചിത്വ മിഷൻ, കെൽട്രോൺ എന്നിവരുമായി സഹകരിച്ചാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ആപ്പിന് രൂപം കൊടുത്തിരിക്കുന്നത്. പൊതുജനങ്ങളെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്ന തരത്തിൽ പരാതി പരിഹാരസെൽ എന്ന നിലയിലാണ് ആപ്പിന്റെ പ്രവർത്തനം.
തദ്ദേശഭരണസ്ഥാപനങ്ങളുടെ വാർഡ് തലം മുതൽ സംസ്ഥാനതലം വരെയുള്ള മാലിന്യങ്ങളുടെ ഉത്പാദന - ശേഖരണ - കൈമാറ്റ - സംസ്‌കരണ രീതി കൃത്യമായി മോണിറ്റർ ചെയ്യാൻ സാധിക്കും. ക്യു ആർ കോഡ് വഴി വീടുകളും സ്ഥാപനങ്ങളും ഹരിത മിത്രം ആപ്പിന്റെ ഭാഗമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഒഴുക്കിവിടുന്നതും കത്തിക്കുന്നതും ഉൾപ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളെ ഈ സംവിധാനത്തിലൂടെ അറിയിക്കാനും, പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാനും സാധിക്കും.
ആദ്യഘട്ടത്തിൽ 25 ഗ്രാമപഞ്ചായത്തുകളിലും ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര നഗരസഭകളിലും തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ 30 തദ്ദേശ ഭരണസ്ഥാപനങ്ങളിലുമാണ് ആപ്പ് നടപ്പാക്കുന്നത്. ഡിസംബർ 31നകം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഹരിതമിത്രം ആപ്പിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡി. ഹുമയൂൺ അറിയിച്ചു.