കുഴിത്തുറ: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ശിവാലയ ഓട്ടം നാളെ തുടങ്ങും. മാർച്ച് 1നാണ് മഹാശിവരാത്രി. ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ശിവരാത്രിയുടെ തലേദിവസം മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്ന് സന്ധ്യാദീപാരാധന തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്.
തിരുനട്ടാലത്ത് ശങ്കരനാരായണനെ തൊഴുത് തീർത്ഥാടനം പൂർത്തിയാകും. ശിവരാത്രിക്ക് തലേദിവസം ആരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രിയുടെ പിറ്റേദിവസം രാവിലെ പൂർത്തിയാകും.
ശിവാലയ ഓട്ടം ഇങ്ങനെ
1. കുഴിത്തുറയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യത്തെ ശിവക്ഷേത്രമായ തിരുമലയിലെത്താം.
2. അവിടെനിന്ന് മാർത്താണ്ഡം വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ തിക്കുറുശ്ശി മഹാദേവ ക്ഷേത്രം.
3.അവിടെ നിന്ന് അരുമന വഴി 12 കിലോമീറ്റർ സഞ്ചരിച്ച് ശിവക്ഷേത്രമായ തൃപ്പരപ്പ്.
4.കുലശേഖരം വഴി 8 കിലോമീറ്റർ പിന്നിട്ട് തിരുനന്തിക്കര.
5.തിരുനന്തിക്കരയിൽ നിന്ന് കുലശേഖരം വഴി 8 കിലോമീറ്റർ താണ്ടി പൊൻമനയിൽ എത്താം.
6.പൊൻമനയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ച് പന്നിപ്പാകം ക്ഷേത്രം
7.പന്നിപ്പാകത്തു നിന്ന് 6 കിലോമീറ്റർ അകലെയായി പത്തനാപുരം കോട്ടയ്ക്കകത്താണ് കൽക്കുളം ക്ഷേത്രം
8. അവിടെ നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ മേലാങ്കോട്
9.മേലാങ്കോട്ടു നിന്ന് 5 കിലോമീറ്റർ അകലെയാണ് തിരുവടയ്‌ക്കോട്
10.അവിടെ നിന്ന് 9 കിലോമീറ്റർ ദൂരെയാണ് തിരുവിതാംകോട്
11. തുടർന്ന് 9 കിലോമീറ്റർ പിന്നിട്ടാൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് പുനരുദ്ധാരണം
ചെയ്ത തൃപ്പന്നിയോട് ക്ഷേത്രം
12.അവിടെ നിന്ന് 4 കിലോമീറ്റർ ഉള്ളിലാണ് തിരുനട്ടാലം ക്ഷേത്രം
ഘൃതധാര മേലാങ്കോട്ട്
ശിവരാത്രിനാളിൽ 12 ശിവക്ഷേത്രങ്ങളിൽ ഓരോ വർഷവും ഓരോ ക്ഷേത്രങ്ങളിലായി നടക്കുന്ന ഘൃതധാര ഇത്തവണ ഏഴാമത്തെ ക്ഷേത്രമായ തിരുവടയ്ക്കോട് ക്ഷേത്രത്തിൽ നടക്കും. കന്യാകുമാരി ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ധാര നടക്കുന്നത്. പുലർച്ചെ തുടരുന്ന ധാര നാലാം യാമപൂജ വരെ തുടരും.
ശിവാലയ ഓട്ടത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്ക്ക് മാർച്ച് 1ന് ജില്ലാ
കളക്ടർ അരവിന്ദ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.