
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സർക്കാർ മേഖലയിൽ ആരംഭിക്കുന്ന എസ്.എം.എ ക്ലിനിക് (സ്‌പൈനൽ മസ്‌കുലാർ അട്രോഫി ) എസ്.എ.ടി ആശുപത്രിയിൽ നാളെ പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് തളർച്ചയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്ന കുട്ടികളുടെ ചികിത്സയാണ് ക്ലിനിക്കിലൂടെ ലഭ്യമിടുന്നത്.
പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ ക്ലിനിക്ക് ആരംഭിക്കുന്നത്. ഇത്തരം രോഗമുള്ള കുട്ടികളുടെ ചികിത്സയ്‌ക്കൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും ജനിതക പരിശോധനയിലൂടെയും കൗൺസലിംഗിലൂടെയും തുടർന്ന് ജനിക്കാൻ പോകുന്ന കുട്ടിക്ക് രോഗം വരുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് ക്ലിനിക്കിന്റെ ലക്ഷ്യം. ക്ലിനിക്കിൽ പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക്‌സ്, ജെനറ്റിക്‌സ്, റെസ്‌പിറേറ്ററി മെഡിസിൻ, ഫിസിക്കൽ ആൻഡ് റീഹാബിലിറ്റേറ്റീവ് മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ സേവനവും ലഭിക്കും.