നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലെ മാശി കൊട മഹോത്സവത്തിന് ഇന്ന് കൊടിയേറും. പ്രസിദ്ധിയാർജ്ജിച്ച മണ്ടയ്ക്കാട് കൊട മാർച്ച് 8ന്. ഇന്ന് രാവിലെ 7.30നാണ് കൊടിയേറ്റ്. തുടർന്ന് ഹൈന്ദവ സേവാസംഘത്തിന്റെ മതസമ്മേളന പന്തലിൽ 85-ാമത് സമ്മേളനം കൊടിയേറും. ഇതിൽ തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, ശ്രീമദ് സ്വാമി ചൈതന്യ നന്ദജി മഹാരാജ് പങ്കെടുക്കും.
ഉത്സവ ദിവസങ്ങളിൽ രാവിലെ വിശേഷ പൂജകളും അഭിഷേകങ്ങളും നടക്കും. മാർച്ച് ഒന്നു മുതൽ 8വരെ രാവിലെയും രാത്രി 9.30നും ദേവിയെ വെള്ളി പല്ലക്കിൽ എഴുന്നള്ളിക്കും.
മാർച്ച് 4ന് രാത്രി 12ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ വലിയപടുക്ക സമർപ്പണം. 7ന് രാത്രി 9.30ന് വലിയ തീവെട്ടി എഴുന്നള്ളത്ത്. 8ന് പുലർച്ചെ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര തിരിക്കും. രാത്രി 9.30ന് ദേവീ എഴുന്നള്ളത്ത്. രാത്രി 12ന് ഒടുക്ക് പൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 1ന് ഒടുക്ക് പൂജ. മറുകോട മാർച്ച് 15ന്.
ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് മണ്ടയ്ക്കാട് ക്ഷേത്രത്തിലേക്ക് കേരള തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ബസ് സർവീസുകളും ഇന്ന് മുതൽ സർവീസ് നടത്തും.