laha

വെഞ്ഞാറമൂട്: എം.ഡി.എം.എ ഉൾപ്പെടെ മാരക ലഹരി ഉത്പന്നങ്ങളും തിമിംഗില ഛർദിയുമായി (ആംബർ ഗ്രീസ്) ബി.ടെക് ബിരുദധാരി പിടിയിൽ. കഴക്കൂട്ടം ചന്തവിള സ്വദേശി ഗരീബാണ് (28) വാമനപുരം എക്സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 11ന് കൊപ്പം അന്താരാഷ്ട്ര നീന്തൽക്കുളത്തിന് സമീപം ഇയാൾ സഞ്ചരിച്ചിരുന്ന ഫിയറ്റ് കാർ തടഞ്ഞ് പരിശോധിച്ചാണ് അറസ്റ്റ് ചെയ്തത്.

എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിൽ നിന്ന് നാല് കിലോഗ്രാം തിമിംഗില ഛർദ്ദി, രണ്ടു ഗ്രാം എം.ഡി.എം.എ, 15 ഗ്രാം ഹാഷിസ് ഓയിൽ എന്നിവയാണ് പിടികൂടിയത്. തിമിംഗില ഛർദിക്ക് നാല് കോടിയിലേറെ വില വരുമെന്നും ചോദ്യം ചെയ്യലിൽ മൂന്ന് വർഷം മുൻപ് ദ്രവ രൂപത്തിൽ വിഴിഞ്ഞത്ത് നിന്ന് ലഭിച്ചതാണ് തിമിംഗില ഛർദിയെന്നും, എം.ഡി.എം.എ ഉൾപ്പെടെയുള്ളവ ബംഗളുരുവിൽ നിന്ന് വാങ്ങിയതാണെന്നും പ്രതി പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരി പദാർത്ഥങ്ങൾ കൈവശം വച്ചതിന് പ്രതിക്കെതിരെ 2016ൽ കഠിനംകുളം പൊലീസ് സ്റ്റേഷനിൽ കേസുള്ളതായും എക്സൈസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ തുടർന്ന് ചോദ്യം ചെയ്യുന്നതിനായി വനം വകുപ്പ്, എക്സൈസ് എന്നിവർ അനുമതിക്കായി അപേക്ഷ നൽകും. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മോഹൻകുമാർ പ്രവന്റീവ് ഓഫീസർമാരായ പ്രസാദ്, സതീഷ് കുമാർ, ഷാജി, സി.ഇ.ഒ മാരായ ജിഷ്ണു, ഷാജു, മഹേഷ്, ഹാഷിം, ഡബ്ലൂ. സി. ഒ മാരായ ലിജി, മഞ്ചുഷ എന്നിവർ പങ്കെടുത്തു.