വിഴിഞ്ഞം: അമ്മയെ സഹോദരൻ കൊന്നെന്ന് പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം നൽകിയ ആളെ പൊലീസ് കണ്ടെത്തി. വിഴിഞ്ഞം ചൊവ്വര പനനിന്ന വടക്കതിൽ വീട്ടിൽ ജോസ് എന്ന അജികുമാറാണ് (51) വ്യാജ സന്ദേശമയച്ചത്. അനുജനോടുള്ള വൈരാഗ്യം തീർക്കാൻ ചെയ്‌തതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

മദ്യപാനത്തിന്റെ പേരിൽ സഹോദരനുമായി പിണങ്ങിയ അജികുമാർ ഇന്നലെ രാവിലെയാണ് അമ്മ ബേബിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിൽ തള്ളിയതായി പൊലീസിനെ അറിയിച്ചത്. ഹെഡ്ക്വാർട്ടേഴ്സ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചശേഷം ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി.

എസ്.ഐ അജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തിയെങ്കിലും മൊബൈൽ പ്രവർത്തനരഹിതമായതോടെ അന്വേഷണം വഴിമുട്ടി. ഒടുവിൽ കൺട്രോൾ റൂമിലേക്ക് വിളിച്ചഫോൺ നമ്പർ പരിശോധിച്ചതിൽ നിന്ന് സിം കാർഡ് ബേബിയുടെ പേരിലാണെന്ന് മനസിലായത്. ഇയാൾക്കെതിരെ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.