തിരുവനന്തപുരം: ഗവർണർ ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കരുതെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ളബിൽ സെന്റർ ഫോർ കണ്ടംപററി സ്റ്റഡീസിന്റെ നേതൃത്വത്തിൽ നടത്തിയ ഭരണഘടന വ്യവസ്ഥകളും ഗവർണർ പദവിയുമെന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയപ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ സമീപനം ബാലിശമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ചർച്ചയിൽ പറഞ്ഞു. അഡ്വ.ആർ. ശ്രീജിത്ത് വിഷയാവതരണം നടത്തി.സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ,ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.പി. പത്മനാഭൻ,ഗവ.ലാ കോളേജ് പ്രൊഫസർ എൻ.എൽ.സജികുമാർ, സെന്റർ ഫോർ കണ്ടംപററി സ്റ്റഡീസ് കേരള സെക്രട്ടറി കെ.പി. കൈലാസ് നാഥ്, അഡ്വ.അജിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.