v

തിരുവനന്തപുരം: ഹൈക്കോടതിയിൽ 5.75 കോടിയുടെ കാമറ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ടെൻഡർ നടപടികൾ റദ്ദാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പൊതുമരാമത്ത് ചട്ടങ്ങൾക്ക് വിരുദ്ധമായും മാനുവൽ പാലിക്കാതെയും ടെൻഡർ ചെയ്ത തൃശൂർ ഇലക്ട്രോണിക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയാണ് അന്വേഷണം. ടെൻഡർ നടപടികളിൽ ക്രമക്കേടുള്ളതായി മന്ത്രിക്ക് ലഭിച്ച പരാതിയിൽ കെട്ടിട വിഭാഗം ചീഫ് എൻജിനിയർ നടത്തിയ അന്വഷണത്തിലാണ് ക്രമക്കേട് സ്ഥിരീകരിച്ചത്. ടെൻഡറിൽ കാമറയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ടെൻഡറിൽ പങ്കെടുത്ത കമ്പനി എ.ക്ലാസ്സ് ലൈസൻസ് ഹാജരാക്കിയിട്ടില്ലെന്നും ചീഫ് എൻജിനീയർ കണ്ടെത്തി. പൊതുമരാമത്തു സെക്രട്ടറി മുഖാന്തിരം ചീഫ് എൻജിനീയർ, മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ റദ്ദാക്കിയത്.