
തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് മാർച്ച് മൂന്നിന് പ്രസിദ്ധീകരിക്കും. ഓപ്ഷൻ കൺഫർമേഷൻ, പുനക്രമീകരണം, റദ്ദാക്കൽ, പുതുതായി ചേർത്ത കോഴ്സുകളിലേക്കും സീറ്റുകളിലേക്കും ഓപ്ഷൻ രജിസ്ട്രേഷൻ എന്നിവയ്ക്ക് മാർച്ച് ഒന്നിന് രാവിലെ പത്തുവരെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യമുണ്ട്. ഹെൽപ്പ് ലൈൻ- 04712525300
സമയപരിധി നീട്ടി
തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിൽ അറിയിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ കണക്റ്റഡ് ലോഡുള്ള ലോടെൻഷൻ ഉപഭോക്താക്കൾക്ക് ലോഡ് സ്വയം വെളിപ്പെടുത്തി നടപടികളിൽ നിന്ന് ഒഴിവാകാനുള്ള സമയപരിധി മാർച്ച് 31വരെ നീട്ടിയതായി കെ.എസ്.ഇ.ബി.അറിയിച്ചു.
അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവയിൽ ഇളവ് നൽകിയിട്ടുണ്ട്. പദ്ധതി പ്രയോജനപ്പെടുത്താൻ അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐ.ഡി.കാർഡ്, കണക്റ്റഡ് ലോഡ് സംബന്ധിച്ച സ്വയം സാക്ഷ്യപത്രം എന്നിവ നൽകണം.
പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള സംയുക്ത പരിശോധന ഇന്ന്
തിരുവനന്തപുരം:മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കും. സംസ്ഥാനത്തൊട്ടാകെ 196 കേന്ദ്രങ്ങളിലായാണ് പരിശോധന നടക്കുക. യോഗ്യമായ എല്ലാ വള്ളങ്ങളും ഇന്ന് നിശ്ചിത പരിശോധന കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാക്കണം.
വാട്ടർ ചലഞ്ചിന് സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് 2.5 കോടിരൂപയുടെ സമ്മാനം. കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ ഓഫീസുമായി സഹകരിച്ച്, ദ നഡ്ജ് ഫൗണ്ടേഷനും ആശിർവാദ് പൈപ്സും സംയുക്തമായാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://prize.thenudge.org/ashirvadwaterchallenge സന്ദർശിക്കുക.