
തിരുവനന്തപുരം: വളർന്നു വരുന്ന നൂതന വ്യവസായങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് നമ്മുടെ നൈപുണ്യവികസന പരിപാടികൾ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായമേഖലയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കെ.എസ്.ഐ.ഡി.സിയും ഇൻകേടെക്കും എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും ചേർന്ന് ആരംഭിക്കുന്ന 'ഡെക്സോ ഇൻഡസ്ട്രി അക്കാഡമിയ കണക്ടി'ന്റേയും ഇതിനുവേണ്ടി തയ്യാറാക്കുന്ന വെബ് പ്ലാറ്റ്ഫോമായ ഡിസൈൻ എക്സ്പോയുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉയർന്ന മാർക്കുനേടി വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർ കേരളത്തിൽ ധാരാളമുണ്ടെങ്കിലും വ്യവസായമേഖലയ്ക്ക് ആവശ്യമായ നൈപുണ്യമുള്ളവർ ഉണ്ടാകുന്നില്ല. പത്തിലേറെ നൈപുണ്യ വികസന സ്ഥാപനങ്ങൾ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അവർ സ്വയം ഗവേഷണം നടത്തി ധാരണയിലെത്തുന്ന രീതി മാറ്റി വ്യവസായമേഖലയുമായുള്ള ആശയവിനിമയത്തിലൂടെ വിടവ് നികത്തണം. അതിനായി സാങ്കേതിക സർവകലാശാലയുമായി ചേർന്ന് കെ.എസ്.ഐ.ഡി.സി നടത്തുന്ന ശ്രമങ്ങൾ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
വിദഗ്ദ്ധരായ യുവ എൻജിനിയർമാരെയും എൻജിനിയറിംഗ് ഉത്പന്നങ്ങളെയും സ്റ്റാർട്ടപ്പുകളെയും സംയോജിപ്പിക്കുന്നതിനായി ഇൻകേടെക് തുടങ്ങുന്ന 'ഡെക്സോ' ഡിസൈൻ' സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള 145 എൻജിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകും.
ക്യാപ്ഷൻ: കെ.എസ്.ഐ.ഡി.സിയും ഇൻകേടെക്കും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും ചേർന്ന് ആരംഭിക്കുന്ന 'ഡെക്സോ ഇൻഡസ്ട്രി അക്കാദമിയ കണക്ടി'ന്റേയും ഇതിനുവേണ്ടി തയ്യാറാക്കുന്ന വെബ് പ്ലാറ്റ്ഫോമായ ഡിസൈൻഎക്സ്പോയുടേയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു. കെ.എസ്.ഐ.ഡി.സി എം.ഡി: എം.ജി. രാജമാണിക്യം, ഇൻകേടെക് എംഡി: ടി. ഗോപീകൃഷ്ണൻ എന്നിവർ സമീപം