
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ട്രാൻസ്പോർട്ട് സർവീസുകളടക്കം സാധാരണ നിലയിലെത്തിയിട്ടും രാത്രികാല ട്രെയിനുകളിൽ ജനറൽ ടിക്കറ്റും റിസർവേഷനില്ലാത്ത കോച്ചുകളും പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. അവസാന നിമിഷത്തിൽ ഓടിയെത്തുന്ന യാത്രക്കാർക്ക് ടിക്കറ്ര് കിട്ടാതെ പ്ളാറ്റ് ഫോമിൽ കിടന്ന് നേരം വെളുപ്പിക്കേണ്ട അവസ്ഥ. അല്ലെങ്കിൽ ദീർഘദൂര യാത്രയ്ക്ക് ബസുകളെ ആശ്രയിക്കണം. എന്നാൽ രോഗികൾക്കുൾപ്പെടെ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
രാത്രി തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ഏറെ തിരക്കുള്ള അമൃത, മംഗലാപുരം എക്സ് പ്രസുകൾ, കൊച്ചുവേളിയിൽ നിന്നുള്ള നിലമ്പൂർ എക്സ് പ്രസ് എന്നിവയിൽ അടക്കം ജനറൽ ടിക്കറ്റോ അൺ റിസർവ്ഡ് കോച്ചുകളോ ഇല്ല. മലബാർ മേഖലയിൽ നിന്നടക്കം ആർ.സി.സിയിലും ശ്രീചിത്രയിലുമൊക്കെ ചികിത്സയ്ക്കായി വന്ന് മടങ്ങുന്നവർ കൂടുതലും ആശ്രയിക്കുന്ന ട്രെയിനുകളാണിവ. കടകളിലും സ്വകാര്യ സ്ഥാപനങ്ങളിലും അടക്കം ജോലി നോക്കുന്ന നൂറുകണക്കിനു യാത്രക്കാർക്ക് രാത്രിയിൽ സീസൺ ടിക്കറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല. പകൽ പ്രധാനപ്പെട്ട ട്രെയിനുകളിലെല്ലാം സീസൺ ടിക്കറ്റ് യാത്ര പുനഃസ്ഥാപിച്ചിട്ടും രാത്രി ട്രെയിനുകളിൽ ഇത് ഇല്ലാത്തതിൽ വ്യാപകമായ പ്രതിഷേധമുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിൽ മലബാർ മേഖലയിലേക്ക് അടക്കം രാത്രികാല ട്രെയിനുകളിൽ കൂടുതൽ യാത്രാസൗകര്യം ഒരുക്കാനുള്ള ഒരു നിർദ്ദേശവും ആരിൽ നിന്നും ഉയർന്നില്ല. ട്രെയിനുകളിലെ കൊവിഡ് ഇളവുകൾ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയാൽ മതിയെന്നു നേരത്തെ റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച നിർദ്ദേശങ്ങളൊന്നും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം.