ddd

തിരുവനന്തപുരം: 75 ഗാന്ധി സൂക്തങ്ങൾ ബോട്ടിൽ പെയിന്റിംഗിൽ രചിച്ച് ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംനേടി കുടപ്പനക്കുന്ന് പെരിങ്ങംകോണം സ്വദേശിയും അദ്ധ്യാപികയുമായ സുമി സുഭാഷ്‌കുമാർ. പേരൂർക്കട എ.കെ.ജി നഗറിലെ ഈഡൻ സ്‌കൂൾ ഒഫ് ലേണിംഗിലെ അദ്ധ്യാപികയാണ് സുമി.

ചതുരാകൃതിയിലുള്ള കുപ്പിയുടെ നാലുവശങ്ങളിലുമായാണ് ഗാന്ധി സൂക്തങ്ങൾ എഴുതിയത്. ജനുവരി 30ന് രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയെ വിദ്യാർത്ഥികൾക്ക് മുന്നിൽ എങ്ങനെ പരിചയപ്പെടുത്താമെന്ന ആശയമാണ് ഈ വ്യത്യസ്‌ത ചിന്തയിലേക്ക് സുമിയെ പ്രേരിപ്പിച്ചത്.

വായന ഇഷ്‌ടവിനോദമായ സുമി വായിക്കുന്ന പുസ്‌തകങ്ങളിൽ നിന്ന് തനിക്ക് ഇഷ്‌ടപ്പെട്ട സംഭാഷണങ്ങളും ഉദ്ധരണികളുമെല്ലാം ബോട്ടിലുകളിൽ കുറിച്ചിടാറുണ്ട്. സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ബോട്ടിൽ ആർട്ടിനോട് കമ്പം തോന്നിതുടങ്ങിയത്. ലോക്ക്‌ ഡൗൺ കാലമായപ്പോഴേക്കും വരുമാനം കണ്ടെത്താനുള്ള മാർഗമായി ബോട്ടിൽ ആർട്ട് മാറി. ഗാന്ധിജി കഴിഞ്ഞാൽ എ.പി.ജെ. അബ്‌ദുൾ കലാമിന്റെ ഉദ്ധരണികളോടാണ് സുമിക്ക് താത്പര്യം. വിദ്യാർത്ഥികൾക്ക് വേണ്ടി കൂടുതൽ ബോട്ടിൽ ആർട്ടുകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ അദ്ധ്യാപിക.

മൂന്ന് ദിവസമെടുത്താണ് 75 ഗാന്ധി സൂക്തങ്ങൾ ബോട്ടിലിൽ എഴുതിയത്. സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിന് അയച്ചുകൊടുത്തു. എന്നാൽ സുമിയുടെ അപേക്ഷ സ്വീകരിക്കാൻ ബുക്ക് ഒഫ് റെക്കാഡ്‌സ് തയ്യാറായില്ല. ഒരു ദിവസമെടുത്ത് പണി പൂർത്തിയാക്കണമെന്നായിരുന്നു അവരുടെ നിർദ്ദേശം. ഇതോടെ ഒരു ദിവസം കൊണ്ട് 75 ഗാന്ധി സൂക്തങ്ങൾ ബോട്ടിലിൽ കോറിയിട്ടു.

വി.കെ. പ്രശാന്ത് എം.എൽ.എ അടക്കമുള്ളവർ സുമിയെ വീട്ടിലെത്തി ആദരിച്ചു. ബി.എഡിന് ചേർന്ന് സമൂഹം അറിയപ്പെടുന്ന ഒരു അദ്ധ്യാപികയാകണമെന്നാണ് സുമിയുടെ ആഗ്രഹം. ടൈൽസ് പണിക്കാരനായിരുന്ന പിതാവ് സുഭാഷ് കുമാർ കണ്ണിന് കാഴ്‌ച കുറവുണ്ടാകുന്ന അസുഖത്തെ തുടർന്ന് നിലവിൽ വീടിന് സമീപത്തുള്ള കടയിലാണ് ജോലി ചെയ്യുന്നത്. മാതാവ്: സുമകുമാരി, സഹോദരി: സിമി സുഭാഷ്‌കുമാർ.