
ഇന്ന് ദേശീയ ശാസ്ത്ര ദിനം
ദേശീയ ശാസ്ത്രദിനത്തിൽ ഉദ്ഘാടനവും സെമിനാറുകളും മത്സരങ്ങളുമൊക്കെ പതിവു തന്നെ. അഭിമാനിക്കാൻ വക നല്കുന്ന പലതും നമ്മുടെ ശാസ്ത്ര പാരമ്പര്യത്തിലുണ്ടെങ്കിലും, അതിന്റെ പേരിൽ അഹങ്കരിക്കുന്ന എത്ര പേർക്ക് അതേക്കുറിച്ച് അറിവുണ്ട്?
ചെറിയൊരു ഉദാഹരണം: പത്ത്, നൂറ് തുടങ്ങിയ ദശഗുണിത സമ്പ്രദായം ഇന്ത്യയിലാണത്രേ കണ്ടുപിടിച്ചത്! വാസ്തവത്തിൽ, ഏതാണ്ട് എല്ലാ സംസ്‌കാരങ്ങളും ചെന്നെത്തിയ ഗുണനസമ്പ്രദായം ഇതു തന്നെയാണ്. അത് മനുഷ്യർക്ക് പത്തു വിരലുകൾ ഉള്ളതുകൊണ്ടായിരിക്കാം. പക്ഷേ, 10 അക്കങ്ങൾ ഉപയോഗിച്ച് സ്ഥാനമൂല്യത്തോടെ സംഖ്യകൾ എഴുതുന്ന രീതി ആദ്യം ഇവിടെയാണ് തുടങ്ങിയത്. വ്യത്യാസം ചെറുതാണെങ്കിലും വളരെ പ്രധാനമാണ് അത്.
അല്ലെങ്കിൽ റോമൻ അക്കങ്ങൾ ഉപയോഗിച്ച് പത്തിന് ത എന്നും നൂറിന് ഇ എന്നുമൊക്കെ എഴുതി സംഖ്യകൾ കുറിക്കാനും അവ ഉപയോഗിച്ച് ഗുണിക്കാനും കൂട്ടാനുമൊക്കെ ശ്രമിച്ചുനോക്കൂ. ഇത്തരം വ്യത്യാസം കൃത്യമായി മനസ്സിലാക്കാനാണ് ശാസ്ത്ര വിദ്യാഭ്യാസം സഹായിക്കേണ്ടത്. അത് ശരിയാകാത്തതു കൊണ്ടാണ് പുരാണങ്ങൾ വായിച്ചുള്ള സങ്കല്പം വച്ച്, പണ്ട് ഇവിടെ വിമാനമുണ്ടായിരുന്നു എന്നും, മഹാഭാരതം വായിച്ചിട്ട് നമ്മുടെ പൂർവികർക്ക് ബയോടെക്‌നോളജി അറിയാമായിരുന്നു എന്നുമൊക്കെ ചിലർ പറഞ്ഞു നടക്കുന്നത്!
ശാസ്ത്രം പഠിച്ചു എന്നതുകൊണ്ട് ശാസ്ത്രബോധം ഉണ്ടാകണമെന്നില്ല. എന്താണ് ശാസ്ത്രബോധം? ശാസ്ത്രമെന്നത് കുറേ വിവരങ്ങളുടെ ശേഖരമല്ല; ആ വിവരം ശേഖരിക്കുന്ന രീതിയാണ്. ആ വിവരം കിട്ടുന്നത് തപസ്സു കൊണ്ടോ വെളിപാടിലൂടെയോ അല്ല. കൃത്യമായ നിരീക്ഷണം, അതിന്റെ ഗണിതീയമായ അപഗ്രഥനം, പിന്നെ അതു ശരിയാണോ എന്ന പരീക്ഷണം. പരീക്ഷണത്തിൽ അതു തെറ്റിയാൽ അപഗ്രഥിച്ചു കിട്ടിയ ഫലം തെറ്റ്! അതു കളഞ്ഞേ തീരൂ.
ഇങ്ങനെ തെറ്റു തിരുത്തിയാണ് ശാസ്ത്രം മുന്നോട്ടു പോകുന്നത്. തെറ്റു തിരുത്താനുള്ള വഴി കൊടുക്കുന്നില്ല എന്നതാണ് മറ്റ് അന്വേഷണ രീതികളുടെ വ്യത്യാസം. തെറ്റു തിരുത്താൻ തയ്യാറാകണമെങ്കിൽ നമുക്ക് വിനയം ഉണ്ടാകണം. സംശയങ്ങൾ ചോദിക്കുന്നവരെ സ്വാഗതം ചെയ്യണം. അവർ ചോദിക്കുന്നത് ശ്രദ്ധിച്ചു മനസ്സിലാക്കണം. എങ്കിലേ അത് ശാസ്ത്രത്തിന്റെ രീതിയാകൂ. അപ്പോഴേ നമുക്ക് ശാസ്ത്രബോധം ഉണ്ടാകൂ.
ചോദ്യങ്ങൾ ഉയർത്തണമെങ്കിൽ നമുക്ക് സംശയങ്ങൾ ഉയർത്താനുള്ള ശീലവും ഉണ്ടാകണം. അവിടെ, ആരാണ് ഈ പ്രസ്താവം നടത്തിയത് എന്നതോ അയാൾ ആചര്യനാണോ എന്നതോ ഒന്നും പ്രശ്നമല്ല. ഇത് പഴയ ആചാരമാണോ വിശ്വാസമാണോ എന്നതും പ്രശ്നമല്ല. അതൊക്കെ മറന്നു വേണം ചോദ്യങ്ങളുയർത്താൻ. അങ്ങനെ ചോദ്യങ്ങൾ ഉയർത്തിയതുകൊണ്ടാണ് ഇന്ന് നമുക്ക് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എന്താണെന്ന് മനസ്സിലാകുന്നത്. വേണ്ടത്ര ചോദ്യങ്ങൾ ഉയർത്താത്തതു കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ജാതകവും മുഹൂർത്തവും നോക്കി ജീവിതം പാഴാക്കുന്നത്.
പക്ഷേ, ശാസ്ത്രത്തെ സ്തുതിച്ച് ഗീതം പാടുന്നവർക്ക് ജനങ്ങൾ ശാസ്ത്രബോധം ഉള്ളവരായി മാറുന്നത് അത്ര രസിക്കില്ല. എന്തെന്നാൽ സംശയദൃഷ്ടിയും ചോദ്യം ചോദിക്കുന്ന സ്വഭാവവും ഉള്ളവർ സാമൂഹിക രംഗത്തും രാഷ്ട്രീയരംഗത്തും ചോദ്യങ്ങളുയർത്തും! ഉയർത്തണം. എങ്കിൽ മാത്രമേ ജനാധിപത്യവും അർത്ഥപൂർണമാകൂ. അതുകൊണ്ടാണ് ശാസ്ത്രബോധം വളർത്തുക എന്നത് നമ്മുടെ കടമയായി ഭരണഘടനയിൽ ചേർത്തിരിക്കുന്നത്. ദേശീയ ശാസ്ത്ര ദിനത്തിന്റെ പാഠം അതാകട്ടെ!