
വെമ്പായം: വെമ്പായത്ത് തലയുയർത്തി നിന്നിരുന്ന അഞ്ച് നില കെട്ടിടം നേരം പുലർന്നപ്പോഴേക്കും പൂർണമായും കത്തിക്കരിഞ്ഞത് കണ്ട് നാട്ടുകാർക്ക് വിശ്വസിക്കാനായില്ല. കെട്ടിടത്തിനുള്ളിൽ ഒരു ജീവനക്കാരൻ കുടുങ്ങുകയും മരണപ്പെടുകയും ചെയ്തതെന്ന വിവരം ജനം അറിയുന്നത് രാവിലെയാണ്. പെയിന്റ് കടയിലെ ജീവനക്കാരനായ നിസാമാണ് (48) മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7.30ഓടെയാണ് വെമ്പായത്ത് എം.സി റോഡിൽ കന്യാകുളങ്ങര സ്വദേശി നിസാമുദീന്റെ ഉടമസ്ഥതയിലുള്ള എ.എൻ പെയിന്റ്സിൽ തീപ്പിടിത്തമുണ്ടായത്. ചെറിയ തീ കണ്ടപ്പോൾ തന്നെ കടയിലെ പതിനഞ്ചിലധികം ജീവനക്കാർ പുറത്തേക്കിറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
കടയിൽ സൂക്ഷിച്ചിരുന്ന പെയിന്റ് ബോട്ടിലുകൾക്ക് തീ പിടിച്ചതോടെ തീ ആളിപ്പടരാൻ തുടങ്ങി. ഇതിനിടയിൽ മൂന്ന് നിലയിലുള്ള കെട്ടിടത്തിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി. പൊലീസിന് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയായി. തൊട്ടടുത്ത ഹൈപ്പർമാർക്കറ്റിലെ അഗ്നിശമനാ ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
20 മിനിറ്റ് കഴിഞ്ഞാണ് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തുടങ്ങിയത്. ഇതിനിടെ സമീപത്തെ ഹാർഡ്‌വെയർ കടയിലേക്ക് തീപടർന്നു. ആദ്യമെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ തീപിടുത്തമുണ്ടായ കടയുടെ ഇരുവശങ്ങളിലുമുള്ള കടകളുടെ മുകളിൽ കയറി നിന്നുകൊണ്ട് താഴേക്ക് വെള്ളം ചീറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ജില്ലയിലെ വിവിധ ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നായി 15 വാഹനങ്ങളാണ് സംഭവസ്ഥലത്തെത്തിയത്. മന്ത്രി ജി.ആർ. അനിലിന്റെ അവസരോചിതമായ ഇടപെടലുകൾ ഫയർഫോഴ്സ് യൂണിറ്റുകളെ ഏകീകരിക്കാനും വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസിനെ വിന്യസിപ്പിച്ചു സ്ഥിതിഗതികൾ നിയന്ത്രിക്കാനും സാധിച്ചു.
കെട്ടിടത്തിൽ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് റീജണൽ ഫയർ ഓഫീസർ ദിലീപൻ അറിയിച്ചു. കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ വെൽഡിംഗ് പണികൾ നടന്നിരുന്നു. ഇതിനിടയിലുണ്ടായ തീപ്പൊരി ടിന്നറിൽ വീണ് ആളിപ്പടരുകയായിരുന്നുവെന്നാണ് നിഗമനം. കെട്ടിടത്തിൽ ഫയർ ആൻഡ് റെസ്ക്യൂ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിൽ നിന്നും ബാങ്കിൽ നിന്നും അഗ്നിരക്ഷാ ഉപകരണങ്ങൾ കൊണ്ടുവന്നപ്പോഴേക്കും തീ നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു.
കത്തി ചാമ്പലായത് പ്രവാസിയുടെ സ്വപ്നങ്ങൾ
നിസാമുദ്ദീൻ മണലാരണ്യത്തിലെ പൊരിവെയിലിൽ സമ്പാദിച്ചതെല്ലാമാണ് തീ വിഴുങ്ങിയത്. കൈയിലുള്ള സമ്പാദ്യമെല്ലാം കൂട്ടിയാണ് നിസാമുദ്ദീൻ വെമ്പായത്ത് എ.എൻ എന്ന പേരിൽ വീടുകൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ചേർത്ത് മൂന്ന് മാസം മുമ്പ് ഹൈപ്പർ മാർക്കറ്റ് തുടങ്ങിയത്. പെയിന്റ് സാനിട്ടറി ഉപകരണങ്ങൾ തുടങ്ങി ഒരു വീടിന് ആവശ്യമായ എല്ലാ സാധനസാമഗ്രികളും ഇവിടെയുണ്ടായിരുന്നു. നിസാമുദീൻ വിദേശത്തായതിനാൽ ഭാര്യ ഹസീനയാണ് കടയുടെ മേൽനോട്ടം വഹിച്ചിരുന്നത്. നിസാമുദ്ദീന്റെ സ്വന്തം കെട്ടിടമാണിത്. കെട്ടിടമുൾപ്പെടെ 15കോടിയുടെ നഷ്ടം ഉണ്ടായതായി ഉടമസ്ഥർ പറയുന്നു.