
തിരുവനന്തപുരം: കാടുവെട്ടിയിൽ സ്ഥാപിച്ച വോർട്ടക്സ് ഫ്ലോ ടർബൈൻ സംവിധാനം മാറ്റി സ്ഥാപിക്കാൻ ഒരുങ്ങി എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി). തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ കാഞ്ഞിരംപാറ വാർഡിൽ കാടുവെട്ടി പാലത്തിനരികിലായി കിള്ളിയാറിന് കുറുകെയാണ് നിലവിൽ ചെറുകിട ജലവൈദ്യുത പദ്ധതിയായ വോർട്ടക്സ് ഫ്ലോ ടർബൈൻ സ്ഥാപിച്ചിരിക്കുന്നത്.
തുടരെയുണ്ടായ രണ്ട് പ്രളയവും ഈ ടർബൈൻ സംവിധാനത്തെ സാരമായി ബാധിച്ചു. ഇതുകൂടാതെ നദിയിലെ മാലിന്യം ടർബൈൻ ബ്ലെയ്ഡിൽ അടിഞ്ഞുകൂടുന്നതും വൈദ്യുതോത്പാദനം സ്തംഭിപ്പിച്ചു. അതിനാൽ ഇറിഗേഷൻ കനാലിലേക്ക് പദ്ധതി മാറ്റിസ്ഥാപിക്കുകയാണ് ഇ.എം.സിയുടെ ലക്ഷ്യം. അടുത്ത രണ്ടാഴ്ചക്കുള്ളിൽ കാടുവെട്ടിയിൽ നിന്ന് വോർട്ടക്സ് ഫ്ലോ ടർബൈൻ സംവിധാനം നീക്കംചെയ്യുമെന്ന് ഇ.എം.സി ഡയറക്ടർ ആർ.ഹരികുമാർ പറഞ്ഞു.
മാലിന്യമാണ് പ്രശ്നം
ആദ്യഘട്ടങ്ങളിൽ ടർബൈനിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡ്ഡിലേക്ക് കൊടുക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ പ്രളയത്തോടെ ചെളിയും മാലിന്യവും ടർബൈൻ ബ്ലെയിഡുകളിൽ അടിഞ്ഞുകൂടുകയും ടർബൈൻ സിസ്റ്റത്തിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുകയുമുണ്ടായി. നദിയുടെ വശങ്ങളിൽ വലിയയളവിൽ പൊതുജനം മാലിന്യം നിക്ഷേപിക്കുന്നതും ഈ മാറ്റിസ്ഥാപിക്കലിന് കാരണമാണ്. അതിനാലാണ് മാലിന്യപ്രശ്നമില്ലാത്ത ഇറിഗേഷൻ കനാലിൽ ടർബൈൻ മാറ്റി സ്ഥാപിക്കുന്നത്. കൃഷി മേഖലയാകുമ്പോൾ കർഷകരോ പൊതുജനമോ മാലിന്യം നിക്ഷേപിക്കുകയില്ല. അതിനാൽ ഇവിടത്തെ കനാലുകളിൽ മാലിന്യം അടിഞ്ഞുകൂടുകയുമില്ല.
എന്താണ് വോർട്ടക്സ് ഫ്ലോ ടർബൈൻ സംവിധാനം
ജലാശയത്തിൽ കൃത്രിമ ചുഴിയുണ്ടാക്കി അതുവഴി ചെറിയ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് വോർട്ടക്സ് ഫ്ലോ ടർബൈൻ. ഇത്തരത്തിൽ ഉണ്ടാക്കുന്ന ചുഴികൾക്ക് സമീപമെത്തുന്ന ജലം ചുഴിക്ക് ചുറ്റും കറങ്ങും. ഈ കറങ്ങുന്ന സ്ഥലത്ത് ടർബൈൻ സ്ഥാപിക്കും. ഈ ടർബൈൻ കറങ്ങുമ്പോഴാണ് വൈദ്യുതി ഉത്പാദനം സാദ്ധ്യമാകുന്നത്. സ്വിറ്റ്സർലാൻഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഈ സംവിധാനത്തിലൂടെ 25 കിലോവാട്ടോളം വൈദ്യുതി ഉല്പാദിപ്പിക്കാം. ഇന്ത്യയിൽ ആദ്യമായാണ് തിരുവനന്തപുരം നഗരസഭയിൽ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി വോർട്ടക്സ് ഫ്ലോ ടർബൈൻ സ്ഥാപിച്ചത്.