ni

വെമ്പായം: അഞ്ചുനില കെട്ടിടം തീ വിഴുങ്ങിയപ്പോൾ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന നിസാമിനെ കൂടെയായിരുന്നു. വെമ്പായത്തെ കെട്ടിടത്തിന് തീ പിടിച്ചു എന്ന വാർത്ത പരന്നപ്പോഴും ബന്ധുക്കളോ സുഹൃത്തുക്കളോ കരുതിയില്ല, അതിൽ നിസാമുണ്ടാകുമെന്ന്.

കടയ്ക്ക് തീ പിടിക്കുമ്പോൾ തന്നെ ജീവനക്കാരെല്ലാം ഓടി രക്ഷപ്പെട്ടിരുന്നു. നിസാമും ഓടി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് സഹപ്രവർത്തകരും കരുതി. എന്നാൽ ആ സമയത്ത് രക്ഷയ്ക്കായി നിസാം മൂന്നാം നിലയിൽ നിന്ന് മുകളിലത്തെ നിലയിലേക്ക് ഓടുകയായിരുന്നിരിക്കാം. അതു കൊണ്ടാണ് മൂന്നാം നിലയിൽ ജോലി ചെയ്ത നിസാമിന്റെ ശരീര ഭാഗങ്ങൾ അഞ്ചാം നിലയിൽ നിന്ന് കണ്ടെടുത്തതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

വെമ്പായം ചിറമുക്ക് മുണ്ടുകോണത്ത് വീട്ടിൽ നിസാം (48) ഒരു മാസം മുൻപാണ് ഇവിടെ ജോലിക്കെത്തിയത്. കന്യാകുളങ്ങരയിലുള്ള മറ്റൊരു ഇലക്ട്രിക് സ്ഥാപനത്തിലായിരുന്നു നേരത്തേ ജോലി. വീടിന് സമീപത്തായത് കൊണ്ടും, ഉച്ചയ്ക്ക് വീട്ടിൽ പോയി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാമെന്ന ലക്ഷ്യത്തോടെയാണ് വെമ്പായത്തെ സ്ഥാപനത്തിൽ ജോലിക്കെത്തിയത്. കഴിഞ്ഞ ദിവസവും ഉച്ചയ്ക്ക് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിരുന്നു.

ഇരുപത് വർഷം പ്രവാസിയായിരുന്ന നിസാം ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. മൂന്ന് സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കുകയും സഹോദരന്മാരെ സഹായിക്കുകയും ചെയ്ത ശേഷമാണ് സ്വന്തമായി ഒരു വീട് പോലും നിസാം നിർമ്മിച്ചത്. നാട്ടിലെ ഏതൊരു കാര്യത്തിനും മുൻപന്തിയിലുണ്ടായിരുന്നു നിസാം.

കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ല, ജീവനക്കാരെല്ലാം ഓടി രക്ഷപ്പെട്ടിരിക്കാമെന്നാണ് ഉദ്യോഗസ്ഥരും നാട്ടുകാരും കരുതിയത്. എന്നാൽ വീട്ടുകാർ നിസാമിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴാണ് നിസാമിനെ അന്വേഷിച്ചു തുടങ്ങിയത്. തീ പൂർണമായും കെട്ടടങ്ങിയപ്പോൾ നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: റജീന. മക്കൾ: റംസീന, റഖീബ്, ഫാത്തിമ.