
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ചില ജില്ലകളിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയത്.
അതേസമയം, തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കുന്നത് തടയാൻ തൊഴിൽവകുപ്പ് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലിയെടുക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെയുള്ള സമയം വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായിരിക്കും.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ വെയിലത്ത് ജോലി ചെയ്യുന്നവർക്ക് രാവിലെയുള്ള ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന രീതിയിലും ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയിലും ക്രമീകരിക്കണം. തൊഴിലുടമകൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു.
സൂര്യാഘാതം
ലക്ഷണങ്ങൾ
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ. അബോധാവസ്ഥയും ഉണ്ടാകാം. ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
സൂര്യാതപം
ലക്ഷണങ്ങൾ
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.
ചെയ്യേണ്ട കാര്യങ്ങൾ
 സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
 ധരിച്ചിരിക്കുന്ന കട്ടിയുള്ള വസ്ത്രങ്ങൾ നീക്കം ചെയ്യണം.
 തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം
 ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കാം.
 ഫലങ്ങളും സാലഡുകളും കഴിക്കുക.
 ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിലോ ബോധക്ഷയം ഉണ്ടായാലോ ഉടൻ ആശുപത്രിയിലെത്തിക്കണം