തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) പൂർവ വിദ്യാർത്ഥി സംഘടനയായ 'സീറ്റ'യുടെ നേതൃത്വത്തിൽ 288 ഗായകർ 14 ഗാനങ്ങൾ 58 മിനിട്ട് തുടർച്ചയായി ഓൺലൈനിലൂടെ പാടി ഗിന്നസ് വേൾഡ് റെക്കാഡ് സ്വന്തമാക്കി. ലോകസമാധാനം, ദേശസ്നേഹം, സാഹോദര്യം എന്നിവയുടെ ആശയമുൾക്കൊണ്ട പാട്ടുകളാണ് 18 രാജ്യങ്ങളിൽ നിന്നായി സൂം മീറ്റിംഗ് വഴി പൂർവ വിദ്യാർത്ഥികൾ ആലപിച്ചത്. പങ്കെടുത്തവരുടെ എണ്ണമാണ് റെക്കാഡിനാധാരം. 'സ്വരലഹരി' എന്ന ഓൺലൈൻ റിലേ സിംഗിംഗ് ഇവന്റിലൂടെ 55 പേർ ഒന്നിച്ചു പാടിയ മറ്റൊരു സംഘടനയുടെ റെക്കാഡാണ് തിരുത്തിയത്.
'വന്ദേ മാതരം' ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. 'ഭാരതമെന്നാൽ', 'ശ്യാമസുന്ദര' തുടങ്ങിയ ഗാനങ്ങളടക്കം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ ഗാനങ്ങളാണ് പാടിയത്.
ദുബായിലിരുന്ന് ഓൺലൈനായി ഗിന്നസ് അഡ്ജുഡിക്കേറ്റർ കൻസി ഡെഫ്രായി, സാക്ഷികളായ പോൾ.ടി.ജോസഫ്, മാത്യു കാവാലം എന്നിവരടങ്ങിയ സംഘമാണ് വിലയിരുത്തി വിധി പറഞ്ഞത്. കാൻസി ഡെഫ്രായിയിൽ നിന്നും ഗിന്നസ് റെക്കാഡ് സർട്ടിഫിക്കറ്റ് സീറ്റയുടെ യു.എ.ഇ പ്രസിഡന്റ് കൃഷ്ണകുമാർ ഏറ്റുവാങ്ങി.
ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ഇ.ആർ. പ്രേംചന്ദ്ര ഭാസിന്റെ മേൽനോട്ടത്തിൽ 14 ടീം ലീഡർമാരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. റെസിഡൻസി ടവറിലെ ഗാലക്‌സി ഹാളിൽ നടന്ന യോഗം സി.ഇ.ടി പൂർവവിദ്യാർത്ഥിയും സംഗീത സംവിധായകനുമായ എം.ജയചന്ദ്രൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു.