
തിരുവനന്തപുരം:സോളാർ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ വി.എ. അരുൺകുമാർ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയിൽ ഹാജരാക്കി.
കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ 10.10 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധിച്ചിരുന്നു. ഇതു സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ വിഎസ് 14.89 ലക്ഷം രൂപ കെട്ടിവയ്ക്കുകയോ തത്തുല്യമായ ജാമ്യം നൽകുകയോ വേണമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധി വച്ചു. ഇതേത്തുടർന്നാണ് അരുൺ കുമാർ ജാമ്യ ബോണ്ട് ഹാജരാക്കിയത്.
ഐ.എച്ച്.ആർ.ഡി അഡിഷണൽ ഡയറക്ടർ എന്ന നിലയിലുളള ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കിയ അരുൺ, കോടതി എത്ര രൂപ നിശ്ചയിച്ചാലും അടയ്ക്കാമെന്നും വേണമെങ്കിൽ ശമ്പളത്തിൽ നിന്നു പിടിക്കാമെന്നും സത്യവാങ്മൂലവും നൽകി. മകൻ അരുൺകുമാറിന്റെ ജാമ്യബോണ്ട് ഹാജരാക്കുന്നതായി വി.എസും കോടതിയെ അറിയിച്ചിട്ടുണ്ട്. വി.എസ് നൽകിയ അപ്പീൽ ഹർജിയിലാണു നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി ജില്ലാ കോടതി സ്റ്റേ ചെയ്തത്.
2013ൽ ചാനൽ അഭിമുഖത്തിൽ വി.എസ് നടത്തിയ ആരോപണത്തിനെതിരായാണ് നഷ്ടപരിഹാരം നൽകാൻ സബ് കോടതി വിധിച്ചത്. 6 ശതമാനം പലിശയും വി.എസ് നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി സരിത നായരുമായി ചേർന്നു സോളർ തട്ടിപ്പ് നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം.