
തിരുവനന്തപുരം: ഭീതിയുടെ മണിക്കൂറുകൾ താണ്ടി യുക്രെയിനിൽ നിന്ന് ഇന്നലെ സംസ്ഥാനത്ത് മടങ്ങിയെത്തിയത് 82 മലയാളി വിദ്യാർത്ഥികൾ.
തിരുവനന്തപുരത്ത് എത്തിയ 25പേർ ഉൾപ്പെടെയാണിത്. മുംബയ്, ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ നിന്നായിരുന്നു കേരളത്തിലേക്കുള്ള യാത്ര. .
വിമാനത്താവളത്തിൽ കാത്തുനിന്ന ബന്ധുക്കളെ കണ്ട് ചിലർ പൊട്ടിക്കരഞ്ഞു, മറ്റുചിലർ വികാരഭരിതരായി. അപ്പോഴും യുക്രെയിനിൽ കുടുങ്ങി കിടക്കുന്നവരെ കുറിച്ചുള്ള ആശങ്കയായിരുന്നു എല്ലാവർക്കും.
ചെർനിവറ്റ്സിയിലെ ബുക്കോവീനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയവർ. യുക്രെയിനിൽ ഇവരെ നാലു ബസുകളിലായി യൂണിവേഴ്സിറ്റി അധികൃതർ തന്നെ 30 കിലോമീറ്റർ അകലെയുള്ള റൊമേനിയൻ അതിർത്തിയിൽ എത്തിക്കുകയായിരുന്നു. തിരികെയെത്തുന്ന വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഉൾപ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രെയിനിൽ നിന്ന് എല്ലാ വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.