maheswaram-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബനധിച്ച് നടന്നുവന്ന 16 -മത് മഹാരുദ്ര യജ്ഞം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. യജ്ഞ പൂർത്തീകരണത്തെ തുടർന്ന് യജ്ഞാചാര്യൻ വീരമണി വാദ്ധ്യാർ ബ്രഹ്മകലശവുമായി ക്ഷേത്രത്തെ വലം വച്ചതിനെ തുടർന്ന് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച് ഉമാമഹേശ്വരന് അഭിഷേകം നടത്തി. ക്ഷേത്ര തന്ത്രി ലക്ഷ്മി നാരായണൻ പോറ്റിയുടെയും, ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങുകളിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. അഭിഷേകം ദർശിക്കുന്നതിനും പ്രസാദം സ്വീകരിക്കുന്നതിനുമായി വൻ ഭക്തജന തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. രാത്രി 10.30 ന് പള്ളിവേട്ട നടന്നു. ആറാട്ട് ദിവസമായ ഇന്ന് രാവിലെ കോടിയർച്ചനയെ തുടർന്ന് രാവിലെ 11.30ന് തൃക്കൊടിയിറക്ക്. വൈകിട്ട് 3ന് വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും ആയിരക്കണക്കിന് ഭക്തജനങ്ങളുടെയും അകമ്പടിയോടെ പ്രത്യേക രഥത്തിൽ നെയ്യാറിലെ കാഞ്ഞിരംമൂട് കടവിൽ നടക്കുന്ന ആറാട്ടിനായി എഴുന്നെള്ളിക്കും. മാർച്ച് 1 ന് ശിവരാത്രി ദിനത്തിൽ രാവിലെ ഗണപതി ഹോമത്തെ തുടർന്ന് കോടിയർച്ചന നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഭാസമാഭിഷേകത്തിന് ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കും. ഭസ്മാഭിഷേകത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ക്ഷേത്ര കമ്മിറ്റി ഓഫീസിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.