
വെഞ്ഞാറമൂട് :പിരപ്പൻകോട് കൊപ്പത്ത് നിന്നും നാല് കോടിയുടെ ആംബർ ഗ്രീസും,മയക്കു മരുന്നുകളുമായി പിടിയിലായ ഗരീബ് ജില്ലയിലെ പ്രധാന മയക്കു മരുന്ന് വിതരണക്കാരിലൊരാളെന്ന് എക്സൈസ്.സിവിൽ എൻജിനീയറായ പ്രതി റെൻ്റ് എ കാർ, കൺസ്ട്രക്ഷൻ എന്നിവയുടെ മറവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളും ഇയാൾ വിദ്യാർത്ഥികളെയും ചെറുപ്പക്കാരേയും മയക്കുമരുന്ന് വിപണനത്തിന് ഉപയോഗിച്ചിരുന്നതായും വിവരങ്ങൾ ലഭിച്ചതായി വാമനപുരം എക്സൈസ് അധികൃതർ പറഞ്ഞു.
ഗരീബ് കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ.പ്രതിയെ നെടുമങ്ങാട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെയാണ് വാമനപുരം എക്സൈസ് സംഘം വെമ്പായം തൈക്കാട് എം.സി റോഡിൽ നടത്തിയ വാഹനപരിശോധനയിൽ കൊപ്പം ജംഗ്ഷന് സമീപത്ത് വെച്ച് കെ എൽ -01- ബി സി - 3746 എന്ന രജിസ്ട്രേഷൻ നമ്പരുള്ള ഫിയറ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന ആംബർഗ്രീസ് ( തിമിംഗല ഛർദ്ദി)മാരക മയക്കുമരുന്നിനത്തിൽപ്പട്ട എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയത്.പ്രാഥമിക അന്വേഷണത്തിൽ തിരുവനന്തപുരം വെമ്പായം പിരപ്പൻകോട് വെഞ്ഞാറമൂട് മേഖലകളിലെ ലഹരിമരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയാണ് ഗരീബ് എന്ന് വ്യക്തമായിട്ടുള്ളതായി എക്സൈസ് അധികൃതർ അറിയിച്ചു. ആംബർ ഗ്രീസ് പിടികൂടിയതുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് തുടരന്വേഷണം നടത്തേണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരായതിനാൽ അതു സംബന്ധിച്ച റിപ്പോർട്ട് പാലോട് ഫോറസ്റ്റ് റേഞ്ചിന് കൈമാറിയിട്ടുള്ളതായി വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാർ അറിയിച്ചു. മയക്കുമരുന്ന് കേസിന്റെ തുടർ അന്വേഷണം നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നടത്തുമെന്നും അറിയിച്ചു.