
തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ആവശ്യമായ ബോധവൽക്കരണത്തോടൊപ്പം,നിർമ്മാണ യൂണിറ്റുകളിൽ ആഭ്യന്തര കമ്മിറ്റികളും രൂപീകരിക്കും.
വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മലയാള സിനിമയിലെ ലിംഗഭേദവും പ്രൊഫഷണലിസവും' എന്ന ശിൽപ്പശാലയിൽ സിനിമ മേഖലയിലെ സംഘടനാ പ്രതിനിധികൾ അറിയിച്ചതാണിത്.
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സിനിമയുടെ ഓരോ യൂണിറ്റിലും ഇന്റേണൽ കമ്മിറ്റികൾ വേണമെന്ന് അദ്ധ്യക്ഷയായിരുന്ന വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി നിർദേശിച്ചു. കമ്മിറ്റി രൂപീകരിച്ചാലേ ആ സിനിമയ്ക്ക് അനുവാദം നൽകൂവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിർമ്മാതാക്കളുടെ പൂർണ്ണ സഹകരണം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത് ഉറപ്പ് നൽകി. ഒരുപാട് സിനിമകൾ ഒരേ സമയം ചിത്രീകരിക്കപ്പെടുന്നു. പലരും ഒരു ദിവസം പല സെറ്റുകളിലുണ്ടാകാം. പലപ്പോഴും സെറ്റുകളുടെ നിയന്ത്രണം പ്രൊഡക്ഷൻ കൺട്രോളർമാർക്കായിരിക്കും. അവർക്കു കൂടി ബോധവത്കരണം നൽകണമെന്നും രഞ്ജിത്ത് പറഞ്ഞു. ഓരോ സെറ്റിലും ഇന്റേണൽ കമ്മിറ്റി ഉണ്ടാകണമെന്ന് ഡബ്ലിയു.സി.സി പ്രതിനിധി ബീന പോൾ പറഞ്ഞു.
2019 മുതൽ കമ്മിറ്റിയുണ്ടാക്കാൻ 'അമ്മ' ശ്രമിച്ചിരുന്നതായി ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. എന്നാൽ അമ്മ ഒരു അസോസിയേഷൻ മാത്രമാണെന്നും അവരുടെ കമ്മിറ്റിയുടെ ഉത്തരവാദിത്തം അമ്മ അംഗങ്ങളുടെ പരാതി പരിഹാരമാണെന്നും ഫെഫ്കയുടെ പ്രതിനിധി സോഹൻ ഷിനുലാൽ പറഞ്ഞു. വർക്കിച്ചൻ പേട്ട മോഡറേറ്ററായ ശിൽപശാലയിൽ ഡോ. കെ.പി.എൻ.അമൃത , ഡോ. അപർണ്ണ ശ്രീകുമാർ എന്നിവർ വിഷയാവതരണം നടത്തി. മാല പാർവതി, പാർവ്വതി തെരുവോത്ത്, റിമ കല്ലിംഗൽ , ബിന്ദു മേനോൻ, സജിതാ മഠത്തിൽ , കുക്കു, ഡോ. കൊച്ചുറാണി, കൃഷ്ണകുമാർ (കിരീടം ഉണ്ണി), ഷാജി.എം, വനിതാ വികസന കോർപ്പറേഷൻ എം.ഡി. വി.സി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.