
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു വയസിന് താഴെയുള്ള 20,56,431 കുട്ടികൾ ഇന്നലെ പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചു. 84.41ശതമാനം . 24,614 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തുള്ളി മരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. മന്ത്രി തുള്ളിമരുന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ്.അയ്യരുടെ മകൻ മൽഹാറിനു നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
പോളിയോ ബൂത്തുകൾക്ക് പുറമേ ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ ക്രമീകരിച്ചിരുന്നു. പോളിയോ വിതരണം സുഗമമാക്കുന്നതിനായി 49,228 വോളണ്ടിയരേയും 2,183 സൂപ്പർവൈസർമാരേയും സജ്ജമാക്കിയിരുന്നു.ഇന്നലെ പോളിയോ തുള്ളിമരുന്ന് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഇന്നും നാളെയും ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി നൽകും. ഇതിന് തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.
സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികൾ പൂർണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും പോളിയോ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.