
തിരുവനന്തപുരം: യുക്രെയിനിൽ കുടുങ്ങിയ 82 മലയാളി വിദ്യാർത്ഥികൾ ഇന്നലെ സംസ്ഥാനത്ത് മടങ്ങിയെത്തി. ഡൽഹി വഴിയും മുംബയ് വഴിയുമാണ് ഇവർ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കുറേ മലയാളി വിദ്യാർത്ഥികൾ യുക്രെയിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങിയിട്ടുണ്ടെന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് യുക്രെയിനിൽ നിന്ന് വിമാനം കയറിയത്. തിരിച്ചെത്തിയതിൽ ആശ്വാസമുണ്ട്. എല്ലാവരും നാട്ടിലെത്തിയാലേ സന്തോഷിക്കാനാകൂവെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുംബയിൽ എത്തിയ വിദ്യാർത്ഥികളെ നോർക്കയാണ് നാട്ടിലെത്തിച്ചത്. ഡൽഹിയിലും മുംബയിലും എത്തിയവർക്ക് സംസ്ഥാന സർക്കാർ വിമാന ടിക്കറ്റുകൾ നൽകിയിരുന്നു. തിരുവനന്തപുരത്ത് എത്തിയവരെ മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, കളക്ടർ നവ്ജ്യോത് ഖോസ, മേയർ ആര്യാ രാജേന്ദ്രൻ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയവർചേർന്ന് സ്വീകരിച്ചു. തിരികെയെത്തുന്ന വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഉൾപ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രെയിനിൽ നിന്ന് എല്ലാ വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.