കാട്ടായിക്കോണം: മടവൂർപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ ശുദ്ധിക്രിയകൾ നടന്നു. ക്ഷേത്രതന്ത്രി പെരിയമന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി പുളിമറ്റത്തുമന രാമചന്ദ്രൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ഉത്സവപൂജകൾ നടക്കുന്നത്. ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, പുരാണപാരായണം, കലശാഭിഷേകം എന്നിവയും നാളെ രാവിലെ മൃത്യുഞ്ജയ ഹോമം, വൈകിട്ട് സംഗീതാർച്ചന എന്നിവയും ഉണ്ടാകും.

നാളെ രാവിലെ 10.30ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്തജനങ്ങൾക്ക് പൊങ്കാല അർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര പരിപാലന സമിതി അംഗങ്ങൾ അറിയിച്ചു. രാവിലെ മുതൽ അഖണ്ഡനാമജപം, മഹാഗണപതിഹോമം, 12.30ന് പൊങ്കാല നിവേദ്യം, വൈകിട്ട് തിരുവാതിരക്കളി, ഭക്തിഗാനസുധ, രാത്രി വിശേഷാൽ ധാര, പുഷ്പാഭിഷേകം എന്നിവ നടക്കും.