
ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി മേഖലയിൽ കെ-റെയിൽ സർവേയ്ക്ക് എതിരായ പ്രതിഷേധം ശക്തമായി. സിൽവർ ലൈൻ സ്ഥലമെടുപ്പ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. രാവിലെ 10ന് കല്ലിടാനെത്തിയ കെ- റെയിൽ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടയുകയും കെ -റെയിൽ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ പൊലീസ് , പ്രവർത്തകരെയും നാട്ടുകാരെയും തടഞ്ഞ് ഉദ്യോഗസ്ഥരെ കല്ലിടാൻ സഹായിച്ചു. ചെറുത്തുനിൽപ്പ് ശക്തമായതോടെ പൊലീസും സമരക്കാരും ഉന്തും തള്ളും ഉണ്ടാവുകയും പൊലീസ് സമരക്കാരെ അറസ്റ്റുചെയ്തു നീക്കുകയും ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിജു ശ്രീധർ, സി.എച്ച്.സജീവ്, പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, നേതാക്കളായ അഴൂർ വിജയൻ, വി.കെ.ശശിധരൻ, മാടൻവിള നൗഷാദ്, എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ, ആന്റണിഫിനു, അജു കൊച്ചാലുമൂട്, പി.സുജ, ചന്ദ്രബാബു, എം.നിസാം, എം.കെ. ഷാജഹാൻ, ചന്ദ്രസേനൻ, പ്രതീഷ് തുടങ്ങിയവർ അറസ്റ്റു വരിച്ചു.