india

തിരുവനന്തപുരം: 'അവരെ വിളിക്കാൻ കഴിയുന്നില്ല, വാട്ട്സ് ആപ്പിൽ മെസേജുകൾ അയച്ചിട്ടുണ്ട്. ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. അവസാനം ബന്ധപ്പെട്ടപ്പോൾ ഭക്ഷണം കഴിയാറായെന്ന് പറഞ്ഞു. ബങ്കറിലാണ് അവർ കഴിയുന്നത്..' യുക്രെയിനിൽ നിന്ന് ഞായറാഴ്ച തലസ്ഥാനത്തെത്തിയ കാട്ടാക്കട സ്വദേശിയായ മാളവികയും മാവേലിക്കര സ്വദേശിയായ അലൻ ജേക്കബും യുദ്ധസ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന സഹപാഠികളെയും സുഹൃത്തുക്കളെയും ഓർത്ത് ആശങ്കപ്പെട്ടു. ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും.

യുക്രെയിനിൽ വിവിധയിടങ്ങളിൽ കുടിങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് രക്ഷിക്കണം. സർക്കാരുകളുടെ ശ്രമങ്ങൾ സജീവമായി മുന്നോട്ടു പോകുന്നുണ്ട്. അതിൽ വിശ്വാസമുണ്ട്. റൊമേനിയൻ അതിർത്തിയിൽ ഇപ്പോൾ എത്തുന്നവർക്ക് 30ലധികം മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു. എംബസികളുടെയോ യൂണിവേഴ്സിറ്റികളുടെയോ അറിയിപ്പ് ലഭിക്കാത്തവരെ അതിർത്തികളിൽ കടത്തിവിടുന്നില്ലെന്ന പരാതിയുണ്ട്. തിരക്കേറിയതോടെ നിയന്ത്രണത്തിന്റെ പേരിൽ അതിർത്തിയിൽ യുക്രെയിൻ സൈന്യം കുരുമുളക് സ്‌‌പ്രേ പ്രയോഗിക്കുന്നു.

യുദ്ധത്തിനൊപ്പം കൊടും തണുപ്പും അവരെ വലയ്‌ക്കുന്നുണ്ട്. അതിർത്തിയിൽ നിന്ന് ഏഴ് മണിക്കൂറെടുത്തുവേണം വിമാനത്താവളത്തിലെത്താൻ. പലരുടെയും മൊബൈലുകളിൽ ചാർജ് തീരാറായി. കൃത്യമായ വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും സഹപാഠികൾ പറഞ്ഞതായി വിദ്യാർത്ഥികൾ വ്യക്തമാക്കി.