
ആലിയ ഭട്ടിന്റെ ഗംഗുഭായി കത്തിയാഡി ബോക്സോഫീസിൽ 200 കോടിയുടെ ചാരമാകുമെന്ന കങ്കണ റണൗട്ടിന്റെ പ്രവചനം പാളി. ബോക്സോഫീസിൽ മികച്ച വിജയം കൈവരിക്കുകയാണ് ഗംഗുഭായി. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ആലിയഭട്ടാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിനെയും ആലിയ ഭട്ടിനെയും രൂക്ഷമായി അധിക്ഷേപിച്ച് കങ്കണ രംഗത്തു എത്തിയിരുന്നു. 200 കോടി ചാരമാകുമെന്നും ആലിയയ്ക്ക് അഭിനയിക്കാൻ അറിയില്ലെന്നുമായിരുന്നു കങ്കണയുടെ പ്രധാന ആരോപണം. ആലിയയുടെ പിതാവും ബോളിവുഡിലെ പ്രമുഖ സംവിധായകനുമായ മഹേഷ് ഭട്ടിനെയും കങ്കണ നിശിതമായി വിമർശിച്ചു. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററിൽ എത്തിയത്. 10.50 കോടിയായിരുന്നു ആദ്യ ദിനത്തിലെ കളക്‌ഷൻ. ശനിയാഴ്ച 13.32 കോടി നേടി. ആദ്യ രണ്ടുദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് 23.82 കോടി രൂപയാണ്.
നാലുവർഷത്തിനുശേഷമാണ് സഞ്ജയ് ലീല ബൻസാലി ചിത്രം തിയേറ്ററിലെത്തുന്നത്.അതേസമയം വരും ദിവസങ്ങളിൽ കങ്കണയ് ക്കെതിരെ ആലിയ രംഗത്തു വരുമെന്നാണ് ബോളിവുഡ് അടക്കം പറയുന്നത്.കങ്കണ വിമർശിച്ചതിനെതിരെ ഇതുവരെ ആലിയ പ്രതികരിച്ചിട്ടില്ല.