cpm

 സിൽവർ ലൈനിന് ഊന്നൽ

കൊച്ചി: ആരോഗ്യ, ഉന്നതവിദ്യാഭ്യാസ രംഗങ്ങളിൽ 25 വർഷത്തെ മുന്നിൽ കണ്ടുള്ള വികസന ആസൂത്രണങ്ങളാകും ഇന്നാരംഭിക്കുന്ന സി.പി.എം സംസ്ഥാനസ മ്മേളനത്തിൽ അവതരിപ്പിക്കുന്ന നയരേഖ പ്രധാനമായും ഊന്നൽ നൽകുക.

അടിസ്ഥാനസൗകര്യ മേഖലയിലടക്കം എല്ലാ രംഗത്തും സ്വകാര്യമൂലധനത്തെ പ്രോത്സാഹിപ്പിക്കാമെന്ന സമീപനത്തിലേക്കും പാർട്ടി മാറുന്നു. വ്യാവസായിക രംഗത്ത് സ്വകാര്യ നിക്ഷേപം നേരത്തേ പാർട്ടി സ്വീകരിച്ച സമീപനമാണ്.

പാർട്ടി സംസ്ഥാനകമ്മിറ്റി യോഗം ചർച്ച ചെയ്ത് അംഗീകരിച്ച വികസന നയരേഖ ഇന്ന് പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ അവതരിപ്പിക്കും. കെ-റെയിലിന്റെ ഭാഗമായുള്ള തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ ആണ് വൻകിട വികസനപദ്ധതിയായി പ്രധാനമായും അവതരിപ്പിക്കുന്നത്. സിൽവർലൈനിലൂടെ പ്രത്യക്ഷമായും പരോക്ഷമായും അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സി.പി.എം പറയുന്നത്. ടൂറിസം രംഗത്തും വലിയ കുതിപ്പുണ്ടാകും.

വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലൂടെ സമൂഹത്തിൽ വലിയ മുന്നേറ്റം നയരേഖ ലക്ഷ്യമിടുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് വിദേശത്ത് നിന്നുൾപ്പടെ ആർക്കും വന്ന് പഠിക്കാനുതകുന്ന തരത്തിൽ കേരളത്തെ ആകർഷകകേന്ദ്രമാക്കണം. ആരോഗ്യമേഖലയിലും ഇതേ സമീപനമാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക അത്യാധുനിക ചികിത്സാസംവിധാനങ്ങൾ ഒരുക്കണം. കേരളത്തിൽ നിന്ന് വിദഗ്ദ്ധ ചികിത്സ തേടി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന അവസ്ഥ മാറ്റിയെടുക്കണം.

കാൽ നൂറ്റാണ്ടിനകം കേരളത്തിൽ സാമൂഹ്യ വിപ്ലവമാണ് സി.പി.എം ലക്ഷ്യമിടുന്നത്. സമ്മേളനം അംഗീകരിക്കുന്ന നയരേഖ ഇടതുമുന്നണിയിൽ ചർച്ച ചെയ്ത് ഉടൻ തന്നെ സർക്കാർ ഏറ്റെടുത്ത് നടപ്പാക്കാനാണ് നീക്കം. ആ തരത്തിലും സി.പി.എമ്മിന്റെ എറണാകുളം സമ്മേളനം സുപ്രധാന ചുവടുവയ്പാകുകയാണ്.

മദ്ധ്യവർഗ സ്വാധീനം

വർദ്ധിപ്പിക്കും

 50 ശതമാനം ജനങ്ങളുടെ പിന്തുണ ഇപ്പോഴും ആർജിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തുന്ന സി.പി.എം, ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി മാറാനാവശ്യമായ അടവുതന്ത്രങ്ങൾ ചർച്ച ചെയ്യും

 ഇടത്തരം-മദ്ധ്യവർഗ സമൂഹത്തിന്റെ സ്വാധീനം കൂടി ഉൾക്കൊള്ളാവുന്ന തരത്തിലുള്ള സമീപനം കൈക്കൊള്ളും. അതേസമയം, അടിസ്ഥാനവർഗത്തിന്റെ താത്പര്യങ്ങളിൽ വിട്ടുവീഴ്ചയുമുണ്ടാകില്ല.

 മൂന്നാം തുടർഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അസംഘടിത ജനവിഭാഗങ്ങളെ കൂടുതൽ സംഘടിപ്പിക്കാനുള്ള ഇടപെടലുണ്ടാകും

 ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ ചെറുക്കുകയെന്ന ലക്ഷ്യവും സി.പി.എം മുന്നോട്ടുവയ്ക്കുന്നു. ഇതിനാവശ്യമായ പ്രചാരണ തന്ത്രങ്ങൾ ആലോചിക്കും.