ആറ്റിങ്ങൽ: കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിനു സമീപത്തെ ആറാട്ട് കടവിനു സമീപം തീ പടർന്നത് ആശങ്ക പരത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ ആളിപടരുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി തീ പടരാതെ നിയന്ത്രണ വിധേയമാക്കി.

കഠിനമായ ചൂടിൽ കരിഞ്ഞു കിടന്ന പുല്ലിലും ഉണങ്ങി നിന്ന മരത്തിലുമാണ് തീ പടർന്നത്. സമീപത്ത് വീടുകളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ ആൾസഞ്ചാരമില്ലാത്ത ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ആറാട്ടു കടവായതിനാൽ മദ്യപാനം,​ പുകവലി,​ മാലിന്യ നിക്ഷേപം എന്നിവ പാടില്ലെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അന്തി മയങ്ങിയാൽ ഇവിടെ സാമൂഹ്യ വിരുദ്ധരുടെയും മദ്യപന്മാരുടെയും താവളമാണ്. ഇതു സംബന്ധിച്ച് നാട്ടുകാർ പരാതി പെട്ടിട്ടും പൊലീസ് ഇവിടെയ്ക്ക് തിരിഞ്ഞു പോലും നോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.