
നാഗർകോവിൽ: യുക്രെയിനിലെ ഖാർകീവിൽ ഭക്ഷണവും കുടിവെള്ളവുമില്ലാതെ വലഞ്ഞ് മലയാളികളടക്കമുള്ള മെഡിക്കൽ വിദ്യാർത്ഥികൾ. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ കന്യാകുമാരി, അരുമന സ്വദേശി ആലൻ റോയ്, കൊല്ലം സ്വദേശി അനീറ്റ, കണ്ണൂർ സ്വദേശി അമല, പെരുമ്പാവൂർ സ്വദേശി ബ്ലെസ്സൻ, മൂന്ന് ആന്ധ്രാസ്വദേശികൾ എന്നിവരാണ് നാട്ടിലെത്താനായി കാത്തിരിക്കുന്നത്. മകനെയും സുഹൃത്തുക്കളേയും രക്ഷിച്ച് നാട്ടിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ആലന്റെ അച്ഛൻ റെജിനാൾഡ് ജോസഫ് ഇന്നലെ കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദിന് നിവേദനം നൽകിയിരുന്നു. താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും പോളണ്ട് അതിർത്തിയിൽ എത്താൻ 1400 കിലോമീറ്ററോളം ദൂരം ഉണ്ടെന്ന് ആലൻ 'കേരളകൗമുദിയോട് ' പറഞ്ഞു.
കേന്ദ്ര സർക്കാർ ഉടൻ ഇടപെട്ട് ഞങ്ങളെ രക്ഷിച്ച് നാട്ടിലെത്തിക്കണമെന്ന് വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു. റഷ്യൻ അതിർത്തിക്ക് സമീപമാണ് ഞങ്ങൾ താമസിക്കുന്നത്. ഏത് നിമിഷവും എന്തും സംഭവിക്കാം. ബോംബാംക്രമണങ്ങൾ നടക്കുന്ന ശബ്ദം ഞങ്ങൾക്ക് ഫ്ലാറ്റിലിരുന്നാൽ കേൾക്കാം. അപായമണി മുഴങ്ങിയാലുടൻ ഞങ്ങൾ ഫ്ലാറ്റിലെ ബങ്കറിൽ പോയിരിക്കും. നേരത്തെ മെട്രോ സ്റ്റേഷനിലെ ബങ്കറിലായിരുന്നു അഭയം തേടിയിരുന്നത്.
എന്നാൽ ജനത്തിരക്ക് കാരണം കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ തിരിച്ചെത്തി. 26 ന് വാങ്ങിയ കുടിവെള്ളവും ഭക്ഷണവും തീർന്നു.
ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതും വലയ്ക്കുന്നുണ്ട്. ടെലിഫോൺ ഉള്ളതാണ് ഏക ആശ്വാസമെന്നും അതും ഇല്ലാതായാൽ ഭയന്ന് മരിക്കുമെന്നും വിദ്യാർത്ഥികൾ പറയുന്നു.