veena-george

നിലത്തിരിക്കുന്ന രോഗികൾക്ക് കസേര നൽകാനും ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം : റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ സൗജന്യ ചികിത്സയും ഭക്ഷണവും വഴിമുട്ടിയ കുടുംബത്തിന് ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം. സ്ട്രോക്ക് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ഐ.സി.യുവിൽ ചികിത്സയിലുള്ള ചിറയിൻകീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകൻ നവാസിന് (47) സൗജന്യ ചികിത്സ നൽകാനാണ് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തശേഷം മന്ത്രി മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഒന്നാം നിലയിലെ എം.ഐ.സിയുവിന്റെ മുമ്പിൽ രോഗികളെ കണ്ടത്. അവരുമായി സംസാരിക്കുമ്പോൾ മറ്റ് കൂട്ടിരിപ്പുകാരാണ് സഫിയ ബീവിക്ക് റേഷൻകാർഡ് പോലുമില്ലാതെ മരുന്നിനും ഭക്ഷണത്തിനുമായി ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞത്. ഉടൻ മന്ത്രി അവരുമായും കൂടെയുള്ള കൊച്ചുമകനുമായും സംസാരിച്ചു. തുടർന്നാണ് സൗജന്യമായി ഭക്ഷണവും മരുന്നും നൽകാൻ തീരുമാനിച്ചത്. ഇതേ സ്ഥലത്ത് കുറച്ച് രോഗികളുടെ കൂട്ടിരിപ്പുകാർ നിലത്തിരിക്കുന്നതായും മന്ത്രി കണ്ടു. ഇവിടെ മതിയായ കസേരകളൊരുക്കാനും സൂപ്രണ്ടിന് നിർദ്ദേശം നൽകി.