
കിളിമാനൂർ: യുക്രെയ്‌നിൽ കുടുങ്ങിയ സഹോദരിമാരായ മെഡിക്കൽ വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിക്കാനായി സുരക്ഷിതമായി ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ എത്തിയതായി വീട്ടുകാർക്ക് സന്ദേശം ലഭിച്ചു. കാനറ പാലാഴി വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ രാജുവിന്റെയും നഗരൂർ ഹെൽത്ത് സെന്ററിലെ ഷീലയുടേയും മക്കളായ അനുശ്രീയും ഐശ്വര്യയുമാണ് കഴിഞ്ഞ ദിവസം റുമേനിയ വിമാനത്താവളത്തിന് സമീപമുള്ള സ്റ്റേഡിയത്തിൽ ഇന്ത്യൻ എംബസി ഒരുക്കിയിരുന്ന ക്യാമ്പിലെത്തിയത്.
യുക്രെയ്നിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നും മൂന്നും വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഐശ്വര്യയും അനുശ്രീയും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250ഓളം പേരടങ്ങുന്ന സഹപാഠികളുമായി താമസ സ്ഥലത്ത് നിന്ന് ടൂറിസ്റ്റ് വാഹനത്തിൽ റുമാനിയൻ അതിർത്തിയിലേക്ക് തിരിച്ചെങ്കിലും അതിർത്തിയെത്തുന്നതിന് 15 കിലോമീറ്റർ മുൻപ് വാഹനങ്ങൾ തടഞ്ഞു. തുടർന്ന് കാൽനടയായാണ് അതിർത്തിയിലെത്തിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
പിന്നീട് എംബസിയുടെ എല്ലാ സഹായവും ലഭിച്ചെന്നും സുരക്ഷിതരാണന്നും, സീനിയോറിറ്റി അനുസരിച്ച് വരും ദിവസങ്ങളിൽ നാട്ടിലേക്ക് തിരിക്കുമെന്നും ഇവർ അറിയിച്ചതായി പിതാവ് രാജു പറഞ്ഞു.അടൂർ പ്രകാശ് എം.പി വിളിച്ച് കാര്യങ്ങൾ ചോദിച്ചെന്നും, എല്ലാ സഹായവും ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.