chenkal-temple

പാറശാല: മഹേശ്വരം ക്ഷേത്രത്തിലെ ശ്രീശിവപാർവതിമാരുടെ ആറാട്ട് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, തന്ത്രി തേറകവേലി മഠം ഗണേഷ് ലക്ഷ്മി നാരായണൻ പോറ്റി എന്നിവരുടെ നേതൃത്വത്തിൽ നെയ്യാറിലെ കാഞ്ഞിരംമുട്ട് കടവിൽ നടന്നു. ഇന്നലെ രാവിലെ തൃക്കൊടിയിറക്കിനെ തുടർന്ന് വൈകുന്നേരം 4 മണിക്ക് വാദ്യ മേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ആറാട്ട് ഘോഷയാത്രയിലും ആറാട്ട് ചടങ്ങുകളിലും ആയിരക്കണക്കിന് ഭക്‌തർ പങ്കെടുത്തു.നെയ്യാറ്റിൻകര തഹസീൽദാർ ശോഭ സതീഷ്, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി ശ്രീകാന്ത്, പാറശാല സി.ഐ അരുൺകുമാർ, ശിവശങ്കരൻ നായർ, ജനപ്രതിനിധികൾ തുടങ്ങിയവർ ആറാട്ട് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളായ വൈ.വിജയൻ, വി.കെ.ഹരികുമാർ, കെ.പി. മോഹനൻ, ജനാർദ്ദനൻ നായർ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആറാട്ടിന് ശേഷം വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് ഏറെ വൈകിയാണ് വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരികെ എത്തിയത്. ശിവാരാത്രി ദിനമായ ഇന്ന് വൈകുന്നേരം 4 മണിക്ക് ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ഭാസ്മാഭിഷേകം നടക്കും.