തിരുവനന്തപുരം: ഓംകാരേശ്വരനായ ശ്രീപരമേശ്വരന്റെ പ്രീതിക്കായി ഭക്തർ വ്രതം നോറ്റ് ഉപാസിക്കുന്ന മഹാശിവരാത്രി ഇന്ന്. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. കൊവിഡിന്റെ ഭീതിയകന്ന സാഹചര്യത്തിൽ ഇന്നലെ മുതൽ ശിവക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

ശിവക്ഷേത്രങ്ങളിൽ യാമപൂജയും ധാരയും പ്രധാന ക്ഷേത്രങ്ങളിൽ അന്നദാനവും ഉണ്ടായിരിക്കും. ഇന്ന് പുലർച്ചെ ആരംഭിക്കുന്ന പൂജകൾ നാളെ രാവിലെവരെയുണ്ടാകും. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം നാളെ പുലർച്ചെ ആറാട്ടോടുകൂടി സമാപിക്കും.

നെടുമങ്ങാട് കോയിക്കൽ മഹാദേവക്ഷേത്രം, ശ്രീകണ്ഠേശ്വരം, പഴയശ്രീകണ്ഠേശ്വരം, കാന്തള്ളൂർശാല, കഠിനംകുളം, പാറശാല, ആറയൂർ, പൊഴിയൂർ, ചെഴുങ്ങാനൂർ, ചെങ്കൽ ശിവശക്തിക്ഷേത്രം, നെയ്യാറ്റിൻകര രാമേശ്വരം, ഒറ്റശേഖരമംഗലം, ബാലരാമപുരം ഋഷീശ്വര ഭരദ്വാജക്ഷേത്രം, നെടുമങ്ങാട് കോട്ടപ്പുറത്തുകാവ്, അരുവിക്കര തിരുനെല്ലൂർശാല സുബ്രഹ്മണ്യക്ഷേത്രം, വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം, കരകുളം ഏണിക്കരക്ഷേത്രം, ആറ്റിങ്ങൽ ആവണീശ്വരം, നഗരൂർ തേക്കിൻകാട്, അവനവഞ്ചേരി ഇണ്ടിളയപ്പൻ കോവിൽ, തോന്നയ്ക്കൽ കുടവൂർ മഹാദേവക്ഷേത്രം, കിളിമാനൂർ മഹാദേവേശ്വരം തുടങ്ങി പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷം ഉണ്ടായിരിക്കും.