തിരുവനന്തപുരം: ' എന്റെ സുരേഷേ, ചെല്ലമക്കളേ ഓടിവാടാ. എന്റെ കൈയിൽ നിന്ന് കഞ്ഞിയും വാങ്ങിക്കുടിച്ച് കളിക്കാൻപോയ നിന്നെ ആരാടാ തല്ലിക്കൊന്നത്. പൊലീസിന് എന്തും ചെയ്യാൻ നിയമമുണ്ടോടാ മക്കളേ'... മകന്റെ വേർപാടിൽ തിരുവല്ലം പൊലീസ് സ്റ്റേഷന് മുന്നിൽ സുരേഷിന്റെ മാതാവ് സുധയുടെ നെഞ്ചുപൊട്ടിയുള്ള വിലാപം നാട്ടുകാരെയും കണ്ണീരിലാക്കി.
സുധയ്ക്കും വിറകുവെട്ട് തൊഴിലാളിയായ അച്ഛൻ പ്രഭാകരനുമൊപ്പം കുടുംബ വീട്ടിലായിരുന്നു മൂത്തമകനായ സുരേഷ് താമസിച്ചിരുന്നത്. അവിവാഹിതനായ സുരേഷായിരുന്നു വീടിന്റെ അത്താണി. വെൽഡിംഗ് തൊഴിലാളിയായ സുരേഷിനെപ്പറ്റി എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളൂ. അവധി ദിവസങ്ങളിൽ കൂട്ടുകാർക്കൊപ്പം ജഡ്‌ജിക്കുന്നിൽ ക്രിക്കറ്റോ വോളിബാളോ കളിക്കാൻ പോകാറുള്ള സുരേഷ് ഞായറാഴ്ച ഉച്ചയ്‌ക്ക് അമ്മയുടെ കൈയിൽ നിന്ന് കഞ്ഞി വാങ്ങി കുടിച്ചശേഷം കളിക്കാനായി പോയതാണ്.
ജഡ്‌ജിക്കുന്ന് നഗർ റസിഡന്റ്സ് അസോസിയേഷനിലെ അവസാനവീടായ നെല്ലിയോട്ടെ വീട്ടിൽ നിന്ന് കളിക്കാൻ പോയ മകനെ വൈകിയും കാണാഞ്ഞ് വീട്ടുകാർ വിഷമിച്ചിരിക്കുമ്പോഴാണ് സുരേഷിനെ പൊലീസ് പിടികൂടിയതായി സമീപവാസിയായ ജ്യേഷ്ഠൻ സുഭാഷിന് രാത്രി11ഓടെ വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്റ്രേഷനിലെത്തി സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടുത്ത ദിവസം രാവിലെ ജാമ്യത്തിലിറക്കാമെന്ന് കരുതിയിരിക്കെയാണ് ഇന്നലെ രാവിലെ സുരേഷിന് സുഖമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞത്.
യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത യുവാവായിരുന്നു സുരേഷെന്ന് നാട്ടുകാർ പറയുന്നു. സുരേഷിനെയും കൂട്ടുകാരെയും ജഡ്‌ജിക്കുന്നിൽ നിന്ന് പിടികൂടിയ പൊലീസ് അവിടെവച്ചും തുടർന്നും മർദ്ദിച്ചതാകാം പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥതകൾക്കും മരണത്തിനും ഇടയാക്കിയതെന്നാണ് കരുതുന്നത്. മകന്റെ മരണം അറിഞ്ഞ് ബന്ധുക്കൾക്കൊപ്പം ഇന്നലെ ഉച്ചയോടെയാണ് സുധ സ്റ്രേഷനിലെത്തിയത്.
പൊലീസ് സ്റ്രേഷനിലെ ക്രൈം റെക്കാഡ് വിഭാഗത്തിന് മുന്നിൽ കസേരയിലിരുന്ന് സുധ അലമുറയിട്ട് കരഞ്ഞു. കസേരയിൽ നിന്നിറങ്ങി നിലത്തുകിടന്നുരുണ്ടും പൊലീസുകാരെ ശപിച്ചും മകന്റെ വേർപാടിൽ സുധ വിങ്ങിപ്പൊട്ടി. കണ്ടുനിന്നവരും നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ പലരും സുധയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉച്ചയ്‌ക്ക് ഒന്നര മുതൽ രാത്രിവരെ പൊലീസ് സ്റ്റേഷൻ വളപ്പിൽ കരഞ്ഞുതളർന്നും പൊലീസ് സ്റ്റേഷൻ നടയിലും പ്രതിഷേധിക്കുകയും ചെയ്ത ഇവർ നാട്ടുകാർക്കും നൊമ്പരക്കാഴ്ചയായി.